പുട്ട് കഴിക്കാത്തവര്‍ കുറവായിരിക്കും എന്നാല്‍ സുള്‍ഫിക്കറിന്റെ ആമിന പുട്ട് കടയില്‍ എത്തുന്നവര്‍ ആരും തന്നെ സുള്‍ഫിക്കറിന്റെ പുട്ട് കഴിക്കാതെ മടങ്ങില്ല. അത്രയധികം വ്യത്യസ്ത രുചികളാണ് സുള്‍ഫിക്കറിന്റെ പുട്ടു കടയിലുളളത്. തിരുവനന്തപുരത്തെ കുറ്റിച്ചാല്‍ പഞ്ചായത്തിലാണ് സുള്‍ഫിക്കറിന്റെ ആമിന പുട്ടു കട സ്ഥിതി ചെയ്യുന്നത്. ആരോഗ്യപരവും സ്വാദിഷ്ടവുമായ അറുപത്തിമൂന്ന് തരം പുട്ടുകളാണ് ഇവിടെയുളളത്. ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയ പച്ചിലകൂട്ട് ചേര്‍ത്ത പച്ചിലപുട്ടാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അഗസ്ത്യ മലയുടെ താഴ്വരയില് നിന്നും ലഭിക്കുന്ന അപൂര്‍വ്വയിനം പച്ചിലകള്‍ ചേര്‍ത്താണ് ഈ പുട്ട് തയ്യാറാക്കുന്നത്.
അതിനു പുറമേ ബിരിയാണി പുട്ട്, ഇറച്ചി പുട്ട്, ചോള പുട്ട്, കാരറ്റ് പുട്ട്, ബീറ്റ്റൂട്ട് പുട്ട്, നാടന്‍ പച്ചരി പുട്ട് , പുന്നെല്ല് പുട്ട്, തേങ്ങാപ്പീര പുട്ട് , ഓടയ്ക്ക പുട്ട്, മിക്സ്ചര്പുട്ട്, അരി പുട്ട്, ഗോതമ്പു പുട്ട്, റവ പുട്ട്, പപ്പായ പുട്ട്, ഷുഗര്‍ പുട്ട്, ചോക്ലേറ്റ് പുട്ട്, ചെമ്മീന്‍ പുട്ട്, തേന്‍ പുട്ട്, പൊറോട്ട പുട്ട് , ഈന്തപ്പഴം പുട്ട് തുടങ്ങി സുള്‍ഫിക്കറിന്റെ സ്പെഷ്യല്‍ സുന്ദരിപ്പുട്ട് വരെയുണ്ട് ആമിന പുട്ടു കടയില്‍. കേള്‍ക്കുമ്പോള്‍ വളരെ വ്യത്യസ്തമായി തോന്നാം,
എന്നാല്‍ കേള്‍ക്കുമ്പോള്‍ മാത്രമല്ല രുചിയിലും കാഴ്ചയിലും ഏറെ വ്യത്യസ്തമാണ് സുള്‍ഫിക്കറിന്റെ അറുപത്തിമൂന്നില്‍ പരം പുട്ടുകളും. ഇത്തരത്തില്‍ ഒരു പുട്ടുകട ആരംഭിക്കുമ്പോള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന തീരുമാനമാണ് ഇത്രയധികം പുട്ടുകളിലേയ്ക്ക് സുള്‍ഫിക്കറിനെ എത്തിച്ചത്. കൃത്രിമമായ കളര്‍ ചേര്ക്കാതെയുളള ഈ പുട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. വിവാഹ സല്‍ക്കാരം തുടങ്ങി പല ആഘോഷങ്ങളിലും താരമാണ് ഇപ്പോള്‍ സുള്‍ഫിക്കറിന്റെ പുട്ടുകളെല്ലാം. കൂടാതെ ആമിന പുട്ടു കടയിലെ വ്യത്യസ്മായ പുട്ട് തേടി വരുന്നവരും കുറവല്ല.
Comments