പാറ്റ്ന: ബിഹാറിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ കൂറുമാറ്റം തടയാനുള്ള മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്. കേന്ദ്ര നേതാക്കളായ രൺദീപ് സിങ് സുർജേവാല, അവിനാഷ് പാണ്ഡേ എന്നിവരെ സോണിയാ ഗാന്ധി നിരീക്ഷകരായി പാറ്റ്നയിലേക്ക് അയച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസവും അതിന് ശേഷവും ബിഹാറിൽ ഉണ്ടാകുന്ന രാഷ്ട്രീയ നീക്കങ്ങൾ ശ്രദ്ധിക്കാനാണ് നേതാക്കൾക്ക് സോണിയ നൽകിയിരിക്കുന്ന നിർദേശം. കൂറുമാറ്റ സൂചനയുണ്ടായാൽ കേന്ദ്രനേതൃത്വത്തോട് ആലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണം.ഇക്കാര്യത്തിൽ ഇരു നേതാക്കളും ജാഗ്രത പുലർത്തണമെന്ന്് സോണിയ നിർദേശം നൽകിയതായി കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഥാനാർത്ഥികളുമായി നിരന്തര സമ്പർക്കം പുലർത്തണം. ഇവരെ പാറ്റ്നയിലെ ഒരു ഹോട്ടലിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്. ഗോവ, മണിപ്പൂർ, മധ്യപ്രദേശ് തുടങ്ങീ സംസ്ഥാനങ്ങളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അതേസമയം കേന്ദ്രനേതാക്കൾ വരുന്നത് സാധാരണ സന്ദർശനത്തിന്റെ ഭാഗമായി മാത്രമാണെന്നാണ് ബിഹാർ പിസിസി പ്രസിഡന്റ് മദൻ മോഹൻ ഝാ പറഞ്ഞത്.
Comments