കൊൽക്കത്ത: ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ചത് മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ താരത്തിന്റെ ആരോഗ്യ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
‘ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. സുഖപ്പെടുത്താൻ 40 ദിവസത്തെ പോരാട്ടം മതിയാവില്ല. അത്ഭുതം സംഭവിക്കണം’ ഡോക്ടറെ ഉദ്ധരിച്ച് ഇന്നലെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഒക്ടോബർ ആറിനാണ് താരത്തെ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് കൊറോണ നെഗറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളാവുകയായിരുന്നു.
ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ സൗമിത്ര ചാറ്റർജി സത്യജിത്ത് റേക്കൊപ്പം പതിനാലോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുര്‌സകാരവും 2012ൽ ദാദാ സാഹിബ് ഫാൽകെ അവാർഡ് നൽകിയും രാജ്യം ആദരിച്ചു.
കൽക്കത്ത ഷിയൽദാ റെയിൽവെ സ്റ്റേഷന് സമീപമുള്ള മിർസാപൂരിലാണ് സൗമിത്ര ജനിച്ചത്. അഭിഭാഷകനും സർക്കാർ ഉദ്യോഗസ്ഥനുമായിരുന്നു സൗമിത്രയുടെ പിതാവ്. സ്‌കൂൾ നാടകങ്ങളിൽ അഭിനയിച്ചിരുന്ന സൗമിത്ര പിന്നീട് അഭിനയത്തെ ഗൗരവമായെടുക്കുകയും തന്റെ വഴി അതാണെന്ന് തീരുമാനിക്കുകയുമായിരുന്നു. ഭാര്യ: ദീപ ചാറ്റർജി, മക്കൾ: പൗലാമി ബോസ്, സൗഗത ചാറ്റർജി.















