ടെല്‍ അവീവ്: ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാന്‍ സാങ്കേതിക സഹായങ്ങളുമായി ഇസ്രയേല്‍. ഹിമാലയന്‍ മലനിരകളുടേയും എല്ലാ സംസ്ഥാനത്തേയും വിശാലമായ ഭൂപ്രദേശങ്ങളുടേയും പരിസ്ഥിതി സംരക്ഷണവും പ്രകൃതി ദുരന്ത മുന്നറിയിപ്പും ഉറപ്പുവരുത്തുന്നതാണ് സംവിധാനം. അത്യാധുനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഇസ്രയേല്‍ സഹായം ലഭിക്കുക.
ഭൂകമ്പ സാദ്ധ്യതകളും പ്രകൃതി ദുരന്ത സാദ്ധ്യതകളും കണ്ടെത്താന്‍ ഉപഗ്രഹ സംവിധാനങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഇസ്രയേല്‍ ഇന്ത്യയ്‌ക്കായി സ്ഥാപിക്കും. ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണ വകുപ്പുകളേയും ഭൗമപഠന കേന്ദ്രങ്ങളേയും ദുരന്ത നിവാരണ അതോറിറ്റികളേയും ബന്ധപ്പെടുത്തിയാണ് സംവിധാനങ്ങള്‍ സ്ഥാപിക്കുക. ഇന്ത്യയിലെ എല്ലാ മേഖലകളേയും സമഗ്രമായി ഉള്‍ക്കൊള്ളുന്ന നിരീക്ഷണ ഗവേഷണ സ്ഥാപനങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പുകളും പ്രോത്സാഹിപ്പിക്കും.
ഇസ്രയേലിലെ സെസ്മിക് അല്‍ എന്ന സ്ഥാപനമാണ് ലോകബാങ്കിന്റെ സഹായത്തോടെ പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നത്. എല്ലാ സംസ്ഥാനങ്ങളുടേയും ദുരന്ത നിവാരണ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇന്ത്യയിലെ സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനവും നല്‍കും. ഇന്ത്യയില്‍ സെസ്മിക് അല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ 300 കമ്പനികളില്‍ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. ഇവരില്‍ നിന്ന് തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്കാണ് പരിസ്ഥിതി-കാലാവസ്ഥാ-പ്രകൃതി ക്ഷോഭ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പരിശീലിക്കാന്‍ അവസരമൊരുങ്ങുന്നത്.















