പ്രകൃതി പലപ്പോഴും കാഴ്ചയുടെ പുതു വിസ്മയം തീര്‍ക്കാറുണ്ട്. അതോടൊപ്പം തന്നെ പ്രകൃതിയിലെ ചില പ്രതിഭാസങ്ങള്‍ ചിലപ്പോള്‍ നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തില്‍ ഒന്നാണ് കോഴിക്കോട് ആവളപാണ്ടി കുറ്റിയോട്ട് നടയില്‍ പൂത്ത മുള്ളന്‍ പായല്‍. തോടു നിറയെ പൂത്തു നില്ക്കുന്ന മുള്ളന്‍ പായലിന്റെ ഭംഗി കാണാനായി നിരവധി പേരാണ് നിത്യേന ഇവിടേക്ക് വന്നെത്തുന്നത്. ആമ്പല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട മുള്ളന്‍പായല്‍ തെക്കന്‍ അമേരിക്കയില്‍ കാണപ്പെയുന്ന കബോംബ ഫര്‍കാറ്റ എന്ന ചെടിയാണ്. എന്നാല്‍ നാട്ടില്‍ പൂത്ത ഈ ചെടിയെ ചല്ലി പൂവ് എന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്.
തോടാകെ മുള്ളന്‍ പായല്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ്. കാണുമ്പോള്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ അത്രയും മനോഹരമാണ് മുള്ളന്‍ പായലിന്റെ ദൃശ്യം. ആവളപാണ്ടിയെന്ന പ്രദേശത്ത് പരവതാനി വിരിച്ചപ്പോലെയാണ് മുള്ളന്‍ പായല്‍ നിറയെ പൂത്തിരിക്കുന്നത്. മുള്ളന്‍ പായലിന്റെ ദൃശ്യഭംഗി ആ നാടിനെ തന്നെ പ്രശസ്തമാക്കി കഴിഞ്ഞു. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയുളള സമയത്ത് വന്നാല്‍ മാത്രമേ മുള്ളന്‍ പായല്‍ ശോഭയോടെ പൂത്തു നില്‍ക്കുന്നത് കാണാന്‍ സാധിക്കുകയുളളൂ.
കാരണം രാവിലെ അതിസുന്ദരിയായി തലയെടുപ്പോടെ നില്ക്കുന്ന മുള്ളന്‍ പായല്‍ ഇളം വെയിലേറ്റു തുടങ്ങുമ്പോള്‍ തന്നെ ചെറുതായി വാടി തുടങ്ങും പിന്നീട് വെയില് കൂടുന്നതോടെ പ്രഭയും കുറയുന്നു. വളരെ പെട്ടെന്ന് തന്നെ പടര്‍ന്നു പിടിക്കുന്ന ഒരു ചെടിയാണ് മുള്ളന്‍ പായല്‍. എന്നാല്‍ ഇത് പടര്‍ന്നു പന്തലിക്കുന്നതിനോടൊപ്പം മറ്റു ജലസസ്യങ്ങളെ നശിപ്പിക്കുന്നു എന്ന ഒരു ദോഷവശം കൂടി ഉണ്ട്. അതുകൊണ്ടു തന്നെ ഇതിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നത് അത്ര ഗുണകരമല്ല എന്നുവേണം കരുതാന്‍. കാഴ്ചയില്‍ അതിമനോഹരി ആണെങ്കിലും ഈ മുള്ളന്‍ പായല്‍ ആളൊരു വില്ലനാണെന്ന് ചുരുക്കം.
Comments