മനസ്സിന് സമാധാനവും ശാന്തതയും ഏറെ നല്കുന്ന അന്തരീക്ഷമാണ് ക്ഷേത്രങ്ങളുടേത്. അതിലും കൂടുതലായി ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കെല്ലാം തന്നെ പ്രാര്‍ത്ഥനയോടൊപ്പം മാനസിക ഉല്ലാസവും നല്കുന്ന ഇടമാണ് ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം. പ്രകൃതിയോട് അടുത്തു നില്ക്കുന്ന ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള കാഴ്ചകള്‍ ആരേയും വിസ്മയിപ്പിക്കും. കടലിനോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടലിനു തൊട്ടടുത്തുള്ള വഴിയിലൂടെ പടികള്‍ കയറി വേണം ക്ഷേത്രത്തില്‍ എത്താന്‍. ക്ഷേത്രത്തിനു മുകളില്‍ എത്തി കഴിഞ്ഞാലുള്ള കാഴ്ച വളരെ മനോഹരമാണ്. ക്ഷേത്രത്തിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ താഴെ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ കാണാം.
കോഴിക്കോട് ജില്ലയിലെ പന്തലായനിയില്‍ മൂടാടി പഞ്ചായത്തിലാണ് ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം പരശുരാമന് പ്രതിഷ്ഠിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന നൂറ്റിയെട്ട് ദുര്‍ഗ്ഗ ക്ഷേത്രങ്ങളില്‍ ഒന്നാണെന്നാണ് പറയപ്പെടുന്നത്. ജല ദുര്‍ഗ്ഗയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതിയും ധര്മ്മശാസ്താവുമാണ് ഉപപ്രതിഷ്ഠകള്‍. ക്ഷേത്രത്തിനു തൊട്ടടുത്തായി ഒരു തീര്‍ത്ഥക്കുളമുണ്ട്.
വേനല്‍ക്കാലത്ത് ക്ഷേത്ര കിണറിലെ വെള്ളം വറ്റിയാലും ഈ തീര്‍ത്ഥക്കുളത്തിലെ വെള്ളം ഒരിക്കലും വറ്റുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ഇവിടെ വിനോദയാത്രയ്ക്കായി എത്തുന്നവരും ഒരുപാടാണ്. രാവിലെ അഞ്ച് മുപ്പത് മുതല്‍ ഒന്‍പത് മുപ്പത് വരെയും വൈകുന്നേരം അഞ്ച് മുപ്പത് മുതല്‍ ഏഴ് മണി വരെയുമാണ് ക്ഷേത്ര ദര്‍ശന സമയം മാര്‍ച്ച് മാസത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ദിനമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൂടാതെ നവമി, ശിവരാത്രി, തിരുവാതിര എന്നീ ദിവസങ്ങളിലും ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.















