കണ്ണൂര്‍: ഇന്ത്യന്‍ നാവിക സേനയുടെ പരീശീലന അക്കാദമിയായ ഏഴിമലയിലെ പുതിയ ബാച്ചിന്റെ പാസ്സിംഗ്ഔട്ട് പരേഡ് ഇന്ന് നടക്കും. പരീശീലനം പൂര്‍ത്തിയാകുന്ന നാവിക ഉദ്യോഗസ്ഥര്‍ക്ക് നാവികസേന ഉദ്യോഗസ്ഥര്‍ മെഡലുകളും ബാഡ്ജുകളും നല്കി സേനയുടെ ഭാഗമാക്കും. വൈസ് അഡ്മിറല്‍ എം.എ. ഹാംപിഹോളിയാണ് മെഡലുകളും ബഹുമതി പത്രങ്ങളും കൈമാറുന്നത്. ചടങ്ങില്‍ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേ മുഖ്യാതിഥിയാകുമെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്.
ശ്രീലങ്കയില്‍ നിന്നുള്ള രണ്ട് കേഡറ്റുകളും ഇത്തവണ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവരിലുണ്ട്. 99-ാംമത് ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി ഇന്ന് നാവികസേനയുടെ ഭാഗമാകുന്നത്. ബി.ടെകും എം.എസ്.സി ബിരുദവും പരിശീലനത്തോടൊപ്പം കേഡറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം നാവികസേനയുടെ 30-ാം നേവല്‍ ഓറിയന്റേഷന്‍ കോഴ്സും പാസ്സായാണ് കേഡറ്റുകള്‍ ഇറങ്ങുന്നത്. ചടങ്ങില്‍ നാവികസേനയുടെ പുതിയ ബാച്ചിനെ അനുമോദിക്കാനും ചടങ്ങ് വീക്ഷിക്കാനും ഇത്തവണ മാതാപിതാക്കള്‍ക്ക് അവസരമില്ല.
Comments