സിങ്കപ്പൂർ: ഗർഭിണിയായിരിക്കെ കൊറോണ ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഗർഭിണികളിൽ നിന്നും കുഞ്ഞിലേക്ക് കൊറോണ പകരുമോയെന്ന വിഷയത്തിൽ നടക്കുന്ന പഠനത്തിൽ ഇത് നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
സെലിൻ നിഗ് ചാൻ എന്ന യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിലാണ് ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കുഞ്ഞ് ജനിച്ച ശേഷം നടത്തിയ പരിശോധനയിൽ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഗർഭിണിയായിരിക്കെ സെലിന്റെ ശരീരത്തിൽ നിന്നും ആന്റിബോഡികൾ കുഞ്ഞിന്റെ ശരീരത്തിലെത്തിയതാകാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ മാർച്ചിലാണ് സെലിന് കൊറോണ സ്ഥിരീകരിക്കുന്നത്. രോഗം ഗുരുതരമല്ലാതിരുന്നതിനാൽ രണ്ടര ആഴ്‌ച്ചയോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. അമ്മയിൽ നിന്നും ഭ്രൂണാവസ്ഥയിലോ ഗർഭാവസ്ഥയിലോ പ്രസവ സമയത്തോ കുഞ്ഞിലേക്ക് കൊറോണ പകരുമോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനങ്ങളിൽ പുതിയ നിഗമനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.















