കൊല്‍ക്കത്ത: ലോക ഫുട്‌ബോളിലെ വമ്പന്‍മാരായ ബ്രസീല്‍ ദേശീയ ടീം വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇന്ത്യയിലെത്താന്‍ സാധ്യത. ഒക്ടോബറിലെ ഫിഫ അന്താരാഷ്‌ട്ര വിന്‍ഡോയില്‍ കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം സംഘടിപ്പിക്കാന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും പ്രാദേശിക സംഘാടകരും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 25-ന് ടൗണ്‍സ്വില്ലിലും സെപ്റ്റംബര്‍ 29-ന് ബ്രിസ്‌ബേനിലും ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ക്ക് പുറമെ, ഒക്ടോബര്‍ ആദ്യവാരം ഇന്ത്യയില്‍ മൂന്നാമത്തെ മത്സരം സംഘടിപ്പിക്കാനാണ് സി.ബി.എഫ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മത്സരത്തിനുള്ള എതിരാളിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഫിഫ ലോകകപ്പിനിടെ അമേരിക്കയില്‍ വെച്ചാണ് സി.ബി.എഫ് അധികൃതരും ഇന്ത്യന്‍ സംഘാടകരും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പ് കാലത്ത് കൊല്‍ക്കത്തയില്‍ ബ്രസീലിന് ലഭിച്ച അതിശയിപ്പിക്കുന്ന ആരാധക പിന്തുണയാണ് ഇന്ത്യയില്‍ മത്സരം നടത്താനുള്ള ആലോചനയ്‌ക്ക് പ്രധാന കാരണമായത്. ലോകകപ്പിനിടെ കൊല്‍ക്കത്തയിലെ തെരുവുകള്‍ മഞ്ഞയും പച്ചയും നിറഞ്ഞ ബ്രസീല്‍ പതാകകളാലും ജഴ്സികളാലും നിറഞ്ഞിരുന്നു. ഇന്ത്യ ലോകകപ്പില്‍ ഇല്ലാതിരുന്നിട്ടും സെലെസാവോയ്‌ക്ക് നല്‍കിയ പിന്തുണ സാമൂഹിക മാധ്യമങ്ങളിലും വ്യാപക ശ്രദ്ധ നേടിയിരുന്നു.
കരാര്‍ സംബന്ധിച്ച അന്തിമ നടപടികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഫിഫയുടെ പുതിയ അന്താരാഷ്‌ട്ര കലണ്ടര്‍ പ്രകാരം ടീമുകള്‍ക്ക് 16 ദിവസത്തിനിടെ നാല് മത്സരങ്ങള്‍ വരെ കളിക്കാനാകുന്ന ‘സൂപ്പര്‍ ഫിഫ വിന്‍ഡോ’യുടെ ഭാഗമായാകും ഇന്ത്യയിലെ മത്സരം. 2027 മുതല്‍ ബ്രസീലിനകത്തും ഏറെക്കാലമായി അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് വേദിയായിട്ടില്ലാത്ത നഗരങ്ങളില്‍ കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാനും സി.ബി.എഫ് പദ്ധതിയിടുന്നുണ്ട്. ഫുട്‌ബോളിന്റെ തലസ്ഥാനമായി കൊല്‍ക്കത്ത ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഹൃദയഭൂമിയായാണ് കൊല്‍ക്കത്തയെ വിശേഷിപ്പിക്കുന്നത്.
ലോകകപ്പ് കാലത്ത് നഗരത്തിന്റെ പല ഭാഗങ്ങളും ബ്രസീലിന്റെ മഞ്ഞ-പച്ച നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി. നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരുടെ ചിത്രങ്ങളുള്ള ചുമര്‍ചിത്രങ്ങളും ഭീമന്‍ കട്ടൗട്ടുകളും ആരാധകരുടെ ആവേശം പ്രകടമാക്കി. ബെനിയാടോളയിലെ പ്രശസ്തമായ ‘ഫിഫ ഗല്ലി’ ലോകകപ്പ് അലങ്കാരങ്ങളിലൂടെ വീണ്ടും ശ്രദ്ധ നേടിയിരുന്നു. 2014 ലോകകപ്പില്‍ ആരംഭിച്ച ഈ സംരംഭം ഇന്ന് കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ പ്രധാന പ്രതീകമായി മാറിയിരിക്കുകയാണ്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് തുടങ്ങിയ ക്ലബ്ബുകളുടെ പാരമ്പര്യത്തില്‍ വളര്‍ന്ന കൊല്‍ക്കത്തയില്‍ തലമുറകളായി ബ്രസീലിനെയും അര്‍ജന്റീനയെയും സ്വന്തം ടീമുകളെപ്പോലെയാണ് ആരാധകര്‍ പിന്തുണയ്‌ക്കുന്നത്.
ഈ സൗഹൃദ മത്സരം യാഥാര്‍ഥ്യമായാല്‍, ലോക ഫുട്‌ബോളിലെ ഏറ്റവും വിജയകരമായ ദേശീയ ടീമുകളിലൊന്നായ ബ്രസീലിനെ ഇന്ത്യന്‍ ആരാധകര്‍ക്ക് നേരില്‍ കാണാനുള്ള അപൂര്‍വ അവസരമായിരിക്കും.















