വയനാട്: വയനാട് 16 കാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് പിന്നിൽ ലഹരിസംഘത്തിന്റെ ഇടപെടലുണ്ടെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.
പെൺകുട്ടിയുമായി വ്യാജ സൗഹൃദം സ്ഥാപിച്ചശേഷം പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തെ തുടർന്ന് കുടുംബം പൊലീസിനെ സമീപിച്ചതോടെയാണ് കേസെടുത്തത്.
പെൺകുട്ടിയെ കൊണ്ടുപോകുന്നതിനിടെ കണിയാരം ഭാഗത്ത് വാഹനം അപകടത്തിൽപ്പെട്ടതായും വിവരമുണ്ട്. അപകടത്തിൽ പരിക്കേറ്റ 16-കാരിയെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനും തട്ടിക്കൊണ്ടുപോകലിന് പിന്നിലെ യഥാർഥ സാഹചര്യം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലഹരി മാഫിയയുമായോ മറ്റ് സംഘങ്ങളുമായോ ബന്ധമുണ്ടോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.















