പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. അത്തരത്തിലൊന്നാണ് കോട്ടയില്‍ ശിവ ക്ഷേത്രം. നൂറേക്കറോളം വരുന്ന കോട്ടയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ ക്ഷേത്രം കാഴ്ചയില്‍ തന്നെ മനോഹരമാണ്. സ്വയംഭൂവായ ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എന്നാല്‍ ഇവിടെ വിഗ്രഹങ്ങളോ ശില്‍പങ്ങളോ ഇല്ല, പകരം അഞ്ച് ശിലകളെയാണ് ആരാധിക്കുന്നത്. ശിവഭഗവാന്‍ പാര്‍വ്വതിദേവി, ഗണപതി ഭഗവാന്‍, മുരുക ഭഗവാന്‍, ആദിത്യന്‍ എന്നിവരോടൊപ്പം ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം. അതുകൊണ്ടാണ്ടാണ് ക്ഷേത്രത്തില്‍ അഞ്ച് ശിലകളെ ആരാധിക്കുന്നത്. കൊട്ടിയൂര്‍ ക്ഷേത്രത്തിലുളള പൂജകളും ആചാരങ്ങളുമാണ് ഈ ക്ഷേത്രത്തിലും നടത്തി വരുന്നത്.
നിരവധി പ്രത്യേകതകളുള്ള ഈ ക്ഷേത്രം കോഴിക്കോട് കൊയിലാണ്ടിയിലെ മുചുകുന്നിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ നടുവിലായി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് കോട്ടയിൽ ശിവക്ഷേത്രം എന്ന പേര് വന്നത്. രാവിലെ ആറുമണി മുതല്‍ പതിനൊന്ന് വരെയാണ് ക്ഷേത്ര സമയം. രാവിലെ മാത്രമേ ക്ഷേത്രത്തില്‍ പൂജ നടത്താറുളളൂ. മറ്റു ക്ഷേത്രങ്ങളിലെ പോലെ വൈകുന്നേരങ്ങളില്‍ ഇവിടെ പൂജയോ ദര്‍ശനമോ ഇല്ല. രാവിലെയുളള പൂജ കഴിഞ്ഞാല്‍ ക്ഷേത്രത്തിനകത്ത് പൂജയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കി വെച്ചാണ് പൂജാരി മടങ്ങുന്നത്. വൈകുന്നേരം ദേവന്‍മാര്‍ നേരിട്ടെത്തി പൂജ നടത്തുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിനകത്ത് വൈദ്യുതി ഉപയോഗിക്കാറില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്, എണ്ണ വിളക്കുകളും, ചിരാതുകളും, പന്തങ്ങളും മാത്രമാണ് ക്ഷേത്രത്തിനകത്ത് ഉപയോഗിക്കുന്നത്. ഉയരത്തിലുള്ള ചുറ്റുമതിലാണ് ക്ഷേത്രത്തിനുള്ളത്, എന്നാല്‍ ശ്രീകോവിലിന് മേല്‍ക്കൂരയില്ല. വെയിലും മഴയും ഒരുപോലെ ശ്രീകോവിലില്‍ പതിക്കുന്നു. ഇവിടുത്തെ ക്ഷേത്രക്കുളവും വളരെ മനോഹരമാണ്. ക്ഷേത്രത്തിനു ചുറ്റുമുളള കോട്ടയില്‍ വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളും ഉഗ്രവിഷമുളള നാഗങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. മാര്‍ച്ച് മാസത്തിലാണ് ഇവിടെ ഉത്സവം നടത്തി വരുന്നത്. അതിനു പുറമേ ശിവരാത്രി, തിരുവാതിര പോലുള്ള വിശേഷ ദിവസങ്ങളിലും ഇവിടെ പൂജ നടത്താറുണ്ട്.
Comments