ബസ് സ്റ്റോപ്പുകള്‍ കൗതുകം നിറഞ്ഞതാകുമ്പോള്‍ അതിനുളള കാഴ്ചക്കാരും ഏറെയാണ്. അത്തരത്തില്‍ ആളുകളെ ആകര്‍ഷിക്കുന്ന വളരെ വ്യത്യസ്തമായ ഏഴ് ബസ് സ്റ്റോപ്പുകൾ ഒരുക്കിയിരിക്കുകയാണ്, ഓസ്ട്രിയയിലെ ഒരു ചെറിയ ഗ്രാമീണ പട്ടണമായ ക്രംബാച്ച്. ഏഴ് രാജ്യങ്ങളില്‍ നിന്നുമായി ഏഴ് വ്യത്യസ്ത രൂപകല്പ്പനയിലുള്ളയാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. കൊച്ചു ഗ്രാമത്തിലെ ബസ് സ്റ്റോപ്പുകള്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ഒരു മഴ പെയ്താല്‍ പോലും കയറി നില്ക്കാന് സാധിക്കാത്ത നമ്മുടെ നാട്ടിലുള്ള ബസ് സ്റ്റോപ്പുകളാണ്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഓസ്ട്രേിയയിലെ ക്രംബാച്ചിലെ ബസ് സ്റ്റോപ്പുകള്‍.
തെക്കന്‍ ലോവര്‍ ഓസ്ട്രിയയിലെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതും പ്രകൃതി സൗന്ദര്യം തൊട്ടു നില്ക്കുന്നതുമായ ബ്രെഗെന്സെര്വാള്ഡ് പര്‍വതനിരകള്‍ക്ക് സമീപത്തുള്ള ക്രംബാച്ചില് ഏത് സമയവും സന്ദര്‍ശകര്‍ വരാറുണ്ട്. ആയിരത്തോളം ആളുകളാണ് ഈ ചെറിയ പട്ടണത്തില്‍ താമസിക്കുന്നത്. ക്രംബാച്ച് മാര്‍ക്കറ്റ് ടൗണില്‍ എപ്പോഴും തിരക്കാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കായി കാഴ്ചയുടെ പുതുലോകം സൃഷ്ടിച്ചിരിക്കുകയാണ് അസാധാരണമായ ഈ ബസ് സ്റ്റോപ്പുകള്‍. ലോകത്തിലെ തന്നെ ഏറ്റവും അസാധാരണമായ ബസ് സ്റ്റോപ്പുകള്‍ ഉളള നാട് എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.
ചിലി, റഷ്യ, ചൈന, നോര്‍വേ, സ്പെയിന്, ബെല്‍ജിയം, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് ആര്‍ക്കിടെക്റ്റുകളുടെ കരവിരുതാണ് ഈ ഏഴ് വിസ്മയങ്ങള്‍ക്കു പിറകില്‍. മരം, ഗ്ലാസ്, ലോഹം എന്നിവ ഉപയോഗിച്ച് വ്യത്യസ്ത രൂപകല്‍പ്പനയിലാണ് ഇവയുടെ നിര്‍മ്മാണം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്നാണ് പേരെങ്കിലും, അതിനും മാത്രമല്ല മീറ്റിംഗ് കേന്ദ്രങ്ങളായും മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനും ഇവ ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ ഇവിടെ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കുന്നത് ഈ ഏഴ് കൗതുകങ്ങളാണ്.
Comments