കോട്ടയം : ഏറ്റുമാനൂരപ്പന്റെ പ്രദോഷബലിയ്‌ക്ക് അകമ്പടി സേവിക്കാൻ നന്ദികേശനെത്തി . ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രദോഷനാളില്‍ ശ്രീബലി എഴുന്നള്ളത്തിന് അകമ്പടിയായി നന്ദിയെ എഴുന്നള്ളിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഏറ്റുമാനൂര്‍ നട്ടാശേരി സൂര്യകാലടി മനയിലെ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് സൂര്യന്‍ എന്ന് പേരുള്ള നന്ദിയെ വഴിപാടായി ഏറ്റുമാനൂരപ്പന് സമര്‍പ്പിച്ചത്. സൂര്യകാലടി മനയുടെ ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെടുത്തി സൂര്യന്‍ എന്നാണ് നന്ദിക്ക് പേര് നൽകിയത്.
ശിവപുരാണത്തില്‍ പരാമര്‍ശിക്കുന്ന രീതിയിൽ ആകാരവടിവും ഭംഗിയും ഒത്തിണങ്ങിയ നന്ദിയെ കര്‍ണാടകയിലെ ബല്‍ഗാമില്‍നിന്നാണ് കൊണ്ടുവന്നത്. ക്ഷേത്ര കൊടിമരച്ചുവട്ടില്‍ ക്ഷേത്രമേല്‍ശാന്തി കേശവന്‍ സത്യേഷിന്റെ മുഖ്യകാര്‍മികത്വത്തില്‍ കലശാഭിഷേകം നടത്തിയശേഷം ആചാരപൂര്‍വം ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍.രാമന്‍ നന്ദിയെ ഏറ്റുവാങ്ങി.















