പാലക്കാട്: മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. യുവക്ഷേത്ര കോളേജിലെ രണ്ടാം വര്‍ഷ ബി.സി.എ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കും ഒരു പ്രദേശവാസിക്കുമാണ് പരിക്കേറ്റത്.
ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് ആശുപത്രി മാലിന്യങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. മുണ്ടൂര്‍ ഒമ്പതാം മൈല്‍ പ്രദേശത്ത്, വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന യുവക്ഷേത്ര കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് ലോറി ഇവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ റോഡരികിലൂടെ സഞ്ചരിച്ചിരുന്ന ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഫര്‍ഹാനെ ആദ്യം ഒലവക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളുടെയും പ്രദേശവാസിയുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















