മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കന്‍ സംസ്ഥാനമായ ചിയാപ്പാസില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. മെക്‌സിക്കോയ്‌ക്ക് പുറമെ അയല്‍രാജ്യങ്ങളായ എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഗ്വാട്ടിമാല സിറ്റി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം, മെക്‌സിക്കോയിലെ പ്യൂര്‍ട്ടോ മഡെറോ നഗരത്തിന് സമീപം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന്റെ ആഴം കുറവായതിനാല്‍ സമീപപ്രദേശങ്ങളില്‍ ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങുകയും വീടുകളിലെയും ഓഫീസുകളിലെയും ഷെല്‍ഫുകളില്‍ നിന്ന് സാധനങ്ങള്‍ താഴെ വീഴുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാധ്യതയുള്ള തിരമാല ഭീഷണി കണക്കിലെടുത്ത് യു.എസ്. സുനാമി മുന്നറിയിപ്പ് സംവിധാനവും മെക്‌സിക്കോയുടെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഭൂചലനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകരും ദുരന്തനിവാരണ വിഭാഗവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
Guatemala earthquake and tsunami threat LATEST
A magnitude 7.4 earthquake struck the coast of Chiapas state in southern Mexico, near the border with Guatemala.
A tsunami warning was issued in the area. Eyewitnesses told Reuters news agency that in Guatemala ‘buildings shook.’… pic.twitter.com/6JVBs1CfTJ
— Abhijit Pathak (@aajtakabhijit) July 17, 2026
ഭൂകമ്പശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തില്‍, 7.4 തീവ്രതയുള്ള ഭൂചലനങ്ങള്‍ ‘മേജര്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇത്തരം ഭൂചലനങ്ങള്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും വന്‍ ദുരന്തങ്ങള്‍ക്കും കാരണമായേക്കാമെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.















