ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ ആഴ്ചത്തെ സൂപ്പര്‍ പോരാട്ടത്തില്‍ ആഴ്‌സണലിന് വീണ്ടും തോല്‍വി. കരുത്തരായ ടോട്ടനത്തോടാണ് ആഴ്‌സണല്‍ തോറ്റത്. ആരാധകരെ വീണ്ടും നിരാശരാക്കി ആഴ്‌സണല്‍ തോല്‍വികളും സമനിലയുമായി ലീഗ് പട്ടികയില്‍ താഴെ തുടരുകയാണ്. സൂപ്പര്‍ പോരാട്ടമെന്ന വിശേഷിപ്പിച്ച മത്സരത്തില്‍ ടോട്ടനം ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ആഴ്‌സണലിനെ വീഴ്‌ത്തി.
ടോട്ടനം സര്‍വ്വാധിപത്യം നേടിയ പോരാട്ടത്തില്‍ കൊറിയന്‍ താരം സോന്‍ ഹ്യൂംഗ് മിന്നാണ് 13-ാം മിനിറ്റില്‍ത്തന്നെ ആഴ്‌സണല്‍ വല ചലിപ്പിച്ചത്. ആദ്യ പകുതിയില്‍ത്തന്നെ ടോട്ടനം രണ്ടാം ഗോളും നേടി. നായകന്‍ ഹാരീ കെയിനാണ് ഗോളടിച്ചത്. കഴിഞ്ഞ ദിവസം യൂറോപ്പാ ലീഗില്‍ ദുര്‍ബലരായ റാപ്പിഡ് വിയനെ 4-1ന് തോല്‍പ്പിച്ച പ്രകടനത്തിന്റെ സമീപത്തെത്താന്‍ ഗണ്ണേഴ്‌സിന് കഴിഞ്ഞില്ല. അതിന് മുമ്പ് വൂള്‍വ്‌സിനോട് 2-1ന് തോറ്റതും ആഴ്‌സണലിനെ പിന്നാക്കം വലിച്ചിരിക്കുകയാണ്. 15-ാം സ്ഥാനത്തേക്കാണ് ആഴ്‌സണല്‍ വീണിരിക്കുന്നത്. 11 മത്സരം കഴിഞ്ഞപ്പോള്‍ അമ്പരപ്പിക്കുന്ന വിധം ആറു തോല്‍വികളാണ് ഗണ്ണേഴ്‌സ് ഏറ്റുവാങ്ങിയത്.
മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 5-1ന് വെസ്റ്റ് ബ്രോമിനെ നിഷ്പ്രഭരാക്കിയപ്പോള്‍ ലെസ്റ്റര്‍ സിറ്റി 2-1ന് ഷെഫീല്‍ഡ് യുണൈറ്റഡ് മുന്നേറി.















