മിലാന്‍: കൊറോണയെ ആഗോള മഹാമാരിയാക്കിയ ആക്ഷേപം മൂടിവെയ്‌ക്കാന്‍ രാജ്യങ്ങളെ തമ്മിത്തല്ലിക്കാനുള്ള പുതിയ അടവുമായി ചൈന. കൊറോണ വൈറസ് ചൈനയില്‍ നിന്നും ഉദ്ഭവിച്ചതല്ലെന്നും ചൈന തീര്‍ത്തും നിരപരാധിയാണെന്നുമാണ് പ്രചാരണം. വിവിധ രാജ്യങ്ങളിലിരുന്ന് പ്രഗല്‍ഭരായവരെക്കൊണ്ട് ചെയ്യിക്കുന്ന വീഡിയോകളിലൂടെയാണ് അസത്യം പ്രചരിപ്പിക്കുന്നത്. ചൈനയുടെ ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ അല്ല വിശദീകരണം നല്‍കുന്നത് എന്നതാണ് വിഡിയോ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും വിലയ്‌ക്കെടുത്ത ശാസ്ത്രജ്ഞരെക്കൊണ്ട് ഇല്ലാക്കഥകള്‍ ഡെമോ വീഡിയോ ആക്കി പ്രചരിപ്പിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ചൈനയുടെ കുപ്രചാരണം പുറത്തുകൊണ്ടുവന്നത്.
കൊറോണ വൈറസിന്റെ മാതൃകയ്‌ക്ക് മുന്നില്‍ നിന്നുകൊണ്ട് ജര്‍മ്മന്‍കാരനായ ശാസ്ത്രജ്ഞനക്കൊണ്ട് അവസാനം ഇറ്റലിയെ പഴിചാരുന്ന വീഡിയോ പുറത്തുവിട്ടുകഴിഞ്ഞു. ജര്‍മ്മനിയുടെ ഹാലേയിലെ ബയോസെക്യൂരിറ്റി ഗവേഷണ കേന്ദ്രം മേധാവി അലക്‌സാണ്ടര്‍ കേകുലയെയാണ് പുതുതായി ചൈന കുടുക്കിയത്. ഇദ്ദേഹത്തിന്റെ പഠനത്തില്‍ നിന്ന് കൊറോണ വൈറസിന് ഇറ്റലിയില്‍ മുമ്പ് കണ്ടെത്തിയ വൈറസുമായിട്ടാണ് സാമ്യമെന്നും അതിനാല്‍ ലോകത്താകമാനം വൈറസ് പരന്നത് ഇറ്റലിയില്‍ നിന്നാകാമെന്നും കേകുലയെക്കൊണ്ട് പറയിച്ചു. ആരോപണത്തിനെതിരായ ഇറ്റലിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ചൈന നിരപരാധിയാണ് എന്ന തലവാചകത്തോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഈയിടെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചൈനയിലെത്തിച്ച പായ്‌ക്ക് ചെയ്ത ശീതീകരിച്ച മാംസവും മത്സ്യവും കൊറോണ പരത്തിയെന്ന വ്യാപക പ്രചാരണം ചൈന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും നിരോധിച്ചുകൊണ്ട് ചൈന പ്രചാരണം വ്യാപിപ്പിച്ചിരുന്നു. ഒരിക്കലും സ്വന്തം തെറ്റ് അംഗീകരിക്കാത്ത ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുതന്ത്രങ്ങള്‍ വിവിധ രാജ്യങ്ങളിലെ ശാസ്ത്രസമൂഹം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുകയാണ്.















