മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായ ഒറ്റക്കൊമ്പിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ ടൈറ്റിലും സൈബറിടങ്ങളിൽ വലിയ ചർച്ചയായിരുന്നു. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഇപ്പോഴിതാ ഒറ്റക്കൊമ്പനിലെ സുരേഷ് ഗോപിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ക്ഷേത്ര പരിസരമെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ ആരാധക പേജുകളിലെല്ലാം ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. ഒറ്റക്കൊമ്പൻ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുകയാണെന്നും ഇനി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവാൻ പോകുന്നത് സുരേഷ് ഗോപിയുടെ ലുക്കായിരിക്കുമെന്നുമാണ് ആരാധകർ പറയുന്നത്.
പകർപ്പവകാശം സംബന്ധിച്ച കേസിനെ തുടർന്ന് ഒട്ടേറെ തവണ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് സുരേഷ് ഗോപിയുടെ 250ാം സിനിമ. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഷിബിൻ ഫ്രാൻസാണ് ഒറ്റക്കൊമ്പന്റെ തിരക്കഥ ഒരുക്കുന്നത്. അറ്റാക്ക് ടു ഡിഫൻഡ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പുലിമുരുകന് ഛായാഗ്രഹണം നിർവ്വഹിച്ച ഷാജികുമാറാണ് ഒറ്റക്കൊമ്പനും ക്യാമറ ഒരുക്കുന്നത്. പാലായിലും പരിസരങ്ങളിലുമായാണ് ‘ഒറ്റക്കൊമ്പൻ’ന്റെ ചിത്രീകരണം നടക്കുക.
















