തന്റെ സിനിമയുടെ പൂർണതയ്ക്ക് വേണ്ടി സംവിധായകൻ ഭദ്രനെടുക്കുന്ന പരിശ്രമങ്ങളെ കുറിച്ചുള്ള പ്രൊഡക്ഷൻ കൺട്രോളർ സേതുവിന്റെ തുറന്നുപറച്ചിൽ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതിൽ യുവതുർക്കി എന്ന സിനിമയിൽ സുരേഷ് ഗോപി ജീവനുള്ള എലിയെയാണ് കടിച്ചതെന്ന വെളിപ്പെടുത്തൽ ഏറെ ചർച്ചയായി മാറിയിരുന്നു. ഈ സംഭവം ശരിയെന്നാണ് ഭദ്രൻ പറയുന്നത്. എന്നാൽ അതിലൊരു തിരുത്ത് ഉണ്ടെന്നും സംവിധായകൻ പറയുന്നു.
സുരേഷ് ഗോപിയെ കൊണ്ട് താൻ എലിയെ തീറ്റിച്ചു എന്ന തലക്കെട്ടിൽ ഒരു വാർത്ത വായിച്ചുവെന്നും എന്നാൽ ഇത് ഇങ്ങനെയല്ല എഴുതേണ്ടതെന്നും ഭദ്രൻ പറയുന്നു. എലിക്ക് ജീവനുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ ആ കലാകാരൻ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ജീവനുള്ള എലിയെ കടിക്കാൻ പോലും തയ്യാറായി എന്നുള്ളതാണെന്ന് ഭദ്രൻ പറഞ്ഞു.
‘എലിയെ കഴിക്കുന്ന ഷോട്ട് എടുക്കാൻ ആർട്ട് ഡയറക്ടർ എലിയുടെ ഒരു മോഡൽ ഉണ്ടാക്കിക്കൊണ്ടു വന്നു. പക്ഷേ തനിക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. കാരണം എന്റെ മനസ്സിലെ ഷോട്ട് എന്ന് പറയുന്നത് എലിയെ കടിക്കുന്ന ഷോട്ടിൽ ഫുൾ ക്ലോസപ്പിൽ എലിയുടെ കണ്ണിലേയ്ക്ക് ചെന്ന് അതിന്റെ പളുങ്കുപോലത്തെ കറുത്ത കണ്ണിലെ ദൈന്യതയും പിടപ്പും ഒപ്പിയെടുക്കുക എന്നുള്ളതായിരുന്നു’
‘ജീവൻ തുടിക്കുന്ന ആ ഷോട്ട് എലിയുടെ മോഡൽ വച്ച് ചെയ്താൽ കിട്ടില്ല. അങ്ങനെയാണ് ജീവനുള്ള എലിയെ കൊണ്ടുവരുന്നത്. ഞാൻ അത് പറഞ്ഞപ്പോൾ സുരേഷ് സന്തോഷത്തോടെയാണ് ചെയ്യാൻ റെഡി ആയത്. എലിയെ ചൂടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച് ഉരച്ചു കഴുകിയ ശേഷമാണ് ഉപയോഗിച്ചത്. തീഹാർ ജയിലിന്റെ പശ്ചാത്തലത്തിൽ അന്നത്തെ കാലത്ത് ഹൈടെക്ക് ആയെടുത്ത ഒരു സിനിമയായിരുന്നു ‘യുവതുർക്കിയെന്നും അങ്ങനെയാണ് ആ രംഗം ചിത്രീകരിച്ചതെന്നും ഭദ്രൻ പറയുന്നു.















