അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായിരുന്ന പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിലെ എല്ലാ രംഗത്തുനിന്നും വിരമിക്കുന്നതായി പട്ടേല്‍ വ്യക്തമാക്കി. 19-ാം വയസ്സില്‍ ഇന്ത്യന്‍ കുപ്പായമിട്ട താരം 35-ാം വയസ്സിലാണ് വിടപറയുന്നത്. 18 വര്‍ഷം രാജ്യത്തിനായി കളിക്കാനായതിന് ബി.സി.സി.ഐയ്‌ക്കും തന്നെ പ്രോത്സാഹിപ്പിച്ച ആരാധകര്‍ക്കും പാര്‍ത്ഥിവ് പട്ടേല്‍ നന്ദി പറഞ്ഞു.
ടീം ഇന്ത്യയ്‌ക്കായി 25 ടെസ്റ്റും 39 ഏകദിനങ്ങളും 2 ടി20കളുമാണ് കളിച്ചത്. ടെസ്റ്റില്‍ 934 റണ്‍സും ഏകദിനത്തില്‍ 736 റണ്‍സും ടി20യില്‍ 36 റണ്‍സുമാണ് നേടിയത്. 194 ഫസ്റ്റ്ക്ലാസ്സ് മത്സരങ്ങളില്‍ നിന്നും 11240 റണ്‍സും ഗുജറാത്ത് താരം നേടിയിട്ടുണ്ട്. ഇതില്‍ 27 മികച്ച സെഞ്ച്വറികളുമുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകളുടെ ഭാഗമായിരുന്നു. 2002ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അരങ്ങേറ്റം നടത്തിയത് . അവസാനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ജോഹന്നാസ് ബര്‍ഗിലാണ് കളിച്ചത്.















