ലണ്ടന്‍: ബ്രകിസ്റ്റ് വ്യവസ്ഥയില്‍ യൂറോപ്യൻ രാജ്യങ്ങളുമായി വ്യാപാര കരാര്‍ വിഷയ ചര്‍ച്ചകള്‍ പരാജയമെന്ന സൂചന നല്‍കി ബോറിസ് ജോണ്‍സന്‍. ബ്രീട്ടീഷ് ജനതയോട് നോ-ഡീല്‍ ബ്രക്‌സിറ്റ് അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുകൊള്ളാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആഹ്വാനം. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ച നയങ്ങളൊന്നും ബ്രിട്ടന്റെ ഭാവിയ്‌ക്ക് ഒട്ടും ഗുണകരമല്ലെന്ന നിലപാടാണ് ബോറിസ് ജോണ്‍സന്‍ എടുത്തിരിക്കുന്നത്. രാജ്യാന്തര വ്യാപാരത്തില്‍ മറ്റൊരു രാജ്യത്തെ തടയാനുള്ള വ്യവസ്ഥക്കെതിരാണ് യൂറോപ്പ്. ബ്രിട്ടന്‍ ആ വ്യവസ്ഥ അംഗീകരിക്കുന്നില്ല. തടയേണ്ടവരെ തടയണമെന്നാണ് ജോണ്‍സന്റെ നയം. ഒപ്പം സമുദ്രമേഖലയിലെ ബ്രിട്ടന്റെ ആധിപത്യം നഷ്ടപ്പെടുത്താനും ഒരുക്കമല്ലെന്ന് ജോണ്‍സന്‍ വീണ്ടും വ്യക്തമാക്കിയതോടെ ചര്‍ച്ച എങ്ങുമെത്താതെ നില്‍ക്കുകയാണ്.
ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ബ്രകിസ്റ്റ് വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നിലവില്‍ വരാന്‍ പോകുന്ന അവസാന സമയം. ഇതിനിടെയാണ് വാണിജ്യമേഖലയില്‍ ബ്രിട്ടണുമായി സമവായത്തിലെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്. ഒരാഴ്ചയായി ബ്രിട്ടനിലുള്ള യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉറുസ്വേല വോണ്‍ ഡെര്‍ ലെയിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി ചര്‍ച്ചകള്‍ നടത്തിയത്.
ബ്രിട്ടണിന്റെ ഭാഗത്തുനിന്നാണ് യൂറോപ്യന്‍ യൂണിയന്റെ വ്യാപാര നയത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്. ബ്രിട്ടണിലെ പ്രകൃതി വിഭവങ്ങളും സമുദ്രവിഭവങ്ങളുമടക്കം ഇതുവരെ ചൂഷണം ചെയ്താണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ജീവിച്ചിരുന്നതെന്ന ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സമുദ്ര മേഖലയില്‍ ബ്രിട്ടന്റെ അധീന പ്രദേശങ്ങളില്‍ യൂറോപ്പ്യന്‍ യാനങ്ങള്‍ പ്രവേശിക്കരുതെന്നും രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കണമെന്നും ബ്രിട്ടണ്‍ ശക്തമായി വാദിച്ചിരുന്നു.
ആറു മാസം മുന്നേ ബോറിസ് ജോണ്‍സന്‍ നടത്തിയ പ്രസ്താവനയോടെ ബന്ധത്തില്‍ വലിയ വിടവാണ് രൂപപ്പെട്ടത്. ഒപ്പം തൊഴില്‍ മേഖലയിലും ബ്രിട്ടന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അനാവശ്യമായ മത്സരങ്ങളോട് അസ്വസ്ഥത രേഖപ്പെടുത്തിയിരുന്നു. ബ്രിട്ടന്റെ പൊതു നയങ്ങളെ ദുരുപയോഗം ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനമാണ് ബ്രക്സിറ്റിന് വ്യാപക സ്വീകാര്യത ലഭിക്കാന്‍ കാരണം.















