ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയ്‌ക്കെതിരെ ഗോവയ്‌ക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആതിഥേയരുടെ ജയം. ഇഗോര്‍ അംഗൂളോയാണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ ഗോവ ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. മികച്ച രീതിയിലുള്ള പ്രതിരോധം തീര്‍ത്തെങ്കിലും ആദ്യ പകുതി അവസാനിയ്‌ക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഒഡീഷയുടെ പ്രതിരോധം തകര്‍ത്ത് ഗോവയുടെ ഗോള്‍ എത്തിയത്. 14-ാം മിനിറ്റിലും 17-ാം മിനിറ്റിലും ലഭിച്ച അവസരങ്ങള്‍ പാഴാക്കിയ ശേഷമായിരുന്നു അംഗൂളോയുടെ വിജയഗോള്‍ പിറന്നത്. സീസണില്‍ അംഗൂളോയുടെ ആറാം ഗോളാണിത്.
ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിന്റെ മികച്ച പ്രകടനമാണ് ഒഡീഷയുടെ തോല്‍വി ഭാരം കുറച്ചത്. ഗോളെന്നുറച്ച അര ഡസനോളം അവസരങ്ങളാണ് അര്‍ഷദീപ് തട്ടിയകറ്റിയത്. ജയത്തോടെ 8 പോയിന്റുമായി ഗോവ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ഒഡീഷ പത്താം സ്ഥാനത്ത് തുടരുകയാണ്.















