ടോക്കിയോ: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരെ കൊന്നൊടുക്കിയ കൊലയാളിക്ക് വധശിക്ഷ വിധിച്ച് ജപ്പാന്. ട്വിറ്റര്‍ കില്ലര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന താകാഹിറോ ഷിറായ്ഷി എന്ന മുപ്പതുകാരനെയാണ് ടോക്കിയോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ആകെ ഒന്‍പത് പേരെ വധിച്ചാണ് താകാഹിറോ ടോക്കിയോവില്‍ ഭീതിപരത്തിയത്. കൊല്ലപ്പെട്ട എല്ലാവരേയും താകാഹിറോ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടതാണെന്നാണ് കണ്ടെത്തല്‍. കൊല്ലപ്പെട്ടവരെല്ലാം 15നും 26നും മദ്ധ്യേ പ്രായമുള്ളവരും ആത്മഹത്യാ സ്വഭാവമുള്ളവരായിരുന്നെന്നാണ് പ്രതിഭാഗത്തിന്റെ ന്യായീകരണം. താകാഹിറോ മന:പൂര്‍വ്വം കൊലനടത്തിയതല്ലെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി.
ഒരു സമൂഹത്തിലെ ഒന്‍പത് പേരാണ് നഷ്ടമായിരിക്കുന്നത്. ആരും അവരെ കൊന്നുകൊള്ളാന്‍ മൗനാനുവാദം പോലും നല്‍കില്ല. ഇരകളാക്കപ്പെട്ടവരുടെ എല്ലാ അഭിമാനവും കൊലയാളി ഇല്ലാതാക്കിയെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. പരസ്യമായി നടന്ന വിധിപ്രഖ്യാപനത്തിന് 435 പേരാണ് നേരിട്ട് സാക്ഷിയായത്.
Comments