സത്യസായി ബാബയുടെ ജീവചരിത്ര സിനിമ ഒരുങ്ങുന്നു. ചിത്രത്തിൽ സത്യസായി ബാബയായി എത്തുന്നത് ഗായകനും നടനും പത്മശ്രീ ജേതാവുമായ അനൂപ് ജലോട്ടയാണ്. സിനിമയ്‌ക്ക് വേണ്ടിയുള്ള ലൊക്കേഷൻ ചിത്രങ്ങളും പോസ്റ്ററുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിക്കി റണാവത്താണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.
ഏറെ നാളുകൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താൻ കാരണം സത്യസായിബാബയുടെ വേഷം വിക്കി വാഗ്ദാനം ചെയ്തതാണെന്ന് അനൂപ് പറയുന്നു. ജീവിതത്തിലും അനൂപ് ഒരു സായി ഭക്തനായിരുന്നു. സായി ബാബയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അനൂപിന് ബാബയുടെ പെരുമാറ്റ രീതികളെല്ലാം സൂക്ഷ്മമായി അവതരിപ്പിക്കാൻ കഴിയുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
ആദ്യമായാണ് അനൂപ് ജലോട്ട ഒരു ജീവചരിത്ര സിനിമയുടെ ഭാഗമാകുന്നത്. സത്യസായി ബാബയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ താൻ സന്തുഷ്ടനാണ്. കാരണം അദ്ദേഹത്തിന്റെ ആശയങ്ങളിൽ വിശ്വസിച്ചിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു. സാധിക രന്ധാവ, ജാക്കി ഷറോഫ്, ഗോവിന്ദ് നംദേവ്, അരുൺ ബക്ഷി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. 2021 ജനുവരി 22ന് ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
















