തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. തനതായ ശൈലിയിലൂടെ വെള്ളിത്തിരയിൽ പാട്ടുകളുടെ വിസ്മയം തീർത്ത വൈക്കം വിജയലക്ഷ്മിക്ക് ആരാധകർ ഏറെയാണ്. കാഴ്ചയുടെ പരിമിതിയെ മറികടന്ന് സംഗീതരംഗത്ത് പുത്തൻ വെളിച്ചം വീശുകയാണ് അവർ. വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരികെ ലഭിക്കാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. ഡോക്ടർ കാഴ്ച തിരികെ കിട്ടുമെന്ന് ഉറപ്പ് നൽകിയതായി മാതാപിതാക്കൾ വീഡിയോയിൽ പറയുന്നു. ഞരമ്പിന്റെ പ്രശ്നമാണ്. ഗുളിക കഴിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ കാരണം ഒന്നും നടക്കുന്നില്ല. അമേരിക്കയിലെ സ്പോൺസർമാരാണ് എല്ലാം ചെയ്യുന്നതെന്നും സ്കാനിംഗ് നടക്കുന്നതായും മാതാപിതാക്കൾ പറയുന്നു.
സെല്ലലോയിഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഈ ഗാനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരവും ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’ എന്ന ഗാനത്തിലൂടെ സംസ്ഥാന പുരസ്കാരവും അവർ സ്വന്തമാക്കിയിരുന്നു.















