ബാഴ്‌സലോണ: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന റെക്കോഡിനൊപ്പമെത്തി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. കഴിഞ്ഞ മത്സരത്തില്‍ വലന്‍സിയക്കെതിരെ നേടിയ ഗോളോടെ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി പങ്കിട്ടത്. ഇരുവരും ഒരു ക്ലബ്ബിനു വേണ്ടി 643 ഗോളുകള്‍ വീതമാണ് സ്വന്തമാക്കിയത്.
ബാഴ്‌സലോണയ്‌ക്ക് വേണ്ടി 17-ാം സീസണിലാണ് മെസി കളിക്കുന്നത്. 748 മത്സരങ്ങളില്‍ നിന്നാണ് മെസി 643 ഗോളുകള്‍ അടിച്ചുകൂട്ടിയത്. വലന്‍സിയക്ക് എതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മെസിയുടെ ഗോളിലാണ് ബാഴ്‌സ മത്സരത്തിലേയ്‌ക്ക് തിരിച്ചുവന്നത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ഡൈവിംഗ് ഹെഡറിലൂടെ മെസിയുടെ ചരിത്ര ഗോള്‍ പിറന്നത്.
🐐 G . O . A . T .
⚽ 6️⃣4️⃣3️⃣
🔝 @officialpes pic.twitter.com/ZlN7KYNreV— FC Barcelona (@FCBarcelona) December 19, 2020
ബ്രസീലിയിന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടിയാണ് പെലെ റെക്കോഡ് കുറിച്ചത്. 19 സീസണുകളില്‍ നിന്നാണ് അദ്ദേഹം 643 ഗോളുകള്‍ നേടിയത്. മെസി മികച്ച രീതിയില്‍ ഹെഡറുകള്‍ ചെയ്യാത്ത താരമാണെന്ന പെലെയുടെ വിമര്‍ശനത്തിനുള്ള മറുപടിയാണ് റെക്കോഡിന് ഒപ്പമെത്തിയ ഹെഡര്‍ ഗോള്‍ എന്നാണ് മെസി ആരാധകര്‍ പറയുന്നത്. അടുത്ത മത്സരത്തോടെ മെസി റെക്കോഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.















