ബർലിൻ: ഇംഗ്ലീഷ് ടീമിന്റെ ഭാഗമാകാൻ തീരുമാനിച്ച കാലം ഓർമ്മിപ്പിച്ച് റോബർട്ടോ ലെവൻഡോവ്‌സ്‌കി. നിലവിൽ ബയേൺ മ്യൂണിച്ചിനായി കളിക്കുന്ന 32 കാരനായ പോളിഷ് താരം ഫിഫയുടെ മികച്ച താരമെന്ന ബഹുമതി കഴിഞ്ഞയാഴ്ചയാണ് നേടിയത്. 2012ൽ മാഞ്ചസ്റ്ററിന്റെ ഭാഗമാകാൻ തീരുമാനിച്ച വിഷയവും അലക്‌സ് ഫർഗൂസനുമായുള്ള ബന്ധവുമാണ് യൂറോപ്പ്യൻ ഫുട്‌ബോൾ താരം പങ്കുവെച്ചത്. അന്താരാഷ്‌ട്ര കായിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
പത്തുവർഷം മുമ്പ് ബൊറോസിയ ഡോട്ട്മുണ്ടിനൊപ്പം രണ്ടാം സീസൺ കളിക്കുമ്പോഴാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് നീങ്ങാനൊരുങ്ങിയത്. അന്ന് ഫെർഗൂസനുമായി സംസാരിച്ചെങ്കിലും ഡോട്ട്മുണ്ട് തയ്യാറായില്ല. അന്ന് കാര്യങ്ങൾ നന്നായി നടക്കുന്നതിനാൽ താൻ നിരാശനുമായിരുന്നില്ലെന്നും ലെവൻഡോവ്‌സ്‌കി വ്യക്തമാക്കി. പിന്നീടാണ് ഫ്രീ ട്രാൻസ്ഫർ വ്യവസ്ഥയിൽ ബയേണിന്റെ അവിഭാജ്യ ഘടകമായി മാറിയതെന്നും ലെവൻഡോവ്‌സ്‌കി പറഞ്ഞു.
ആറു തവണയാണ് മ്യൂണിച്ചിനായി പോളിഷ് കരുത്തൻ ലീഗ് കിരീടം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിനും ലെവൻഡോവ്‌സ്‌കി നിർണ്ണായകമായി. കഴിഞ്ഞ സീസണിൽ ലീഗിൽ 31 മത്സരങ്ങളിലായി 35 ഗോളും ചാമ്പ്യൻസ് ലീഗിൽ 10 കളികളിലായി 15 ഗോളുകളും ലെവൻഡോവസ്‌കി അടിച്ചുകൂട്ടി.















