സുരേഷ് ഗോപി, ലാൽ, ദിലീപ്, ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റാഫി മെക്കാർട്ടിൻ ഒരുക്കിയ ചിത്രമാണ് തെങ്കാശിപ്പട്ടണം. ചിത്രത്തിന്റെ വിജയ ചരിത്രത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. 2000ത്തിൽ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ തന്നെയായിരുന്നു. ഇപ്പോഴിതാ ഇരുപത് വർഷങ്ങളുടെ വിജയകഥ പങ്കുവച്ചിരിക്കുകയാണ് ലാൽ.
മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച ഐതിഹാസിക വിജയത്തിന് രണ്ട് പതിറ്റാണ്ടുകൾ തികയുന്നു. ഇപ്പോഴും ചിത്രം നെഞ്ചിലേറ്റി ഓർമ്മകൾ പങ്കുവെയ്‌ക്കുന്ന മലയാളികൾക്ക് നന്ദിയെന്ന് ലാൽ കുറിച്ചു. ‘ഇൻഡസ്ട്രി ഹിറ്റായ തെങ്കാശിപ്പട്ടണത്തിന് ഇരുപതാം വർഷം’ എന്ന ഹാഷ് ടാഗോടെയാണ് ലാൽ സിനിമയുടെ വിജയ ഓർമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തെങ്കാശിപ്പട്ടണത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിനാണ്. ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും സംഗീതസംവിധാനം സുരേഷ് പീറ്റേഴ്‌സുമാണ്. 2000ത്തിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയ ചിത്രമാണ് തെങ്കാശിപ്പട്ടണം. ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലേക്ക് റീമേക്കും ചെയ്യപ്പെട്ടു.















