മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിനൊപ്പം നിൽക്കേണ്ടതായിരുന്നുവെന്ന് മുൻതാരം. മുങ്ങുന്ന കപ്പിലിനെപ്പോലും പോലും ക്യാപ്റ്റൻമാർ ഉപേക്ഷിക്കാറില്ലെന്ന് പറഞ്ഞാണ് കോഹ്ലിയുടെ മടക്കത്തെ വിമർശിച്ചത്. മുൻ ഇന്ത്യൻ ലെഗ്-സ്പിന്നർ ദിലീപ് ദോഷിയാണ് കോഹ്ലിക്കെതിരെ പരാമർശം നടത്തിയത്.
‘ഒരാളുടെ വ്യക്തിപരമായ ഏറെ പ്രാധാന്യമുള്ള കാര്യമാണ് സ്വന്തം കുട്ടിയുടെ ജനനം. നിയമപരമായും അതിനായി നാട്ടിലേക്ക് പോകാനുള്ള അവകാശം തടയാനുള്ള സംവിധാനമില്ല. എന്നാൽ ക്യാപ്റ്റനെന്ന ഭാരിച്ച ചുമതലയുടെ പ്രധാന്യം തിരിച്ചറിഞ്ഞില്ലെന്നത് അംഗീകരിക്കാൻ വിഷമമുണ്ട്. ദേശീയ ചുമതലയെന്നത് ആർക്കും തള്ളിക്കളയാനാകുന്ന ഒന്നല്ല’ ദോഷി പറഞ്ഞു.
‘തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ക്യാപ്റ്റൻ എന്നത് പ്രധാനപ്പെട്ട ഒന്നാണ്. കപ്പൽ മുങ്ങുന്ന അവസ്ഥയിലാണ്. ഇപ്പോഴാണ് അവസ്ഥ നന്നായി അറിയാവുന്ന ക്യാപ്റ്റൻ നിർണ്ണായകമാകുന്നത്. സഹതാരത്തെ ചുമതല ഏൽപ്പിക്കുമ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണെന്ന് മറക്കരുത്. ടീം മികച്ച രീതിയിൽ മടങ്ങിവരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു’ ദോഷി പറഞ്ഞു. ടീം ഇന്ത്യയ്‌ക്കായി 33 ടെസ്റ്റുകളിലായി 114 വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ് ദിലീപ് ദോഷി. 15 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.















