ഇന്ന് ക്രിസ്മസ്. പ്രത്യാശയുടെയും പ്രതീക്ഷയുടെയും കിരണങ്ങളുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പാതിരാ കുർബാനകളും പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു. പതിവിൽ നിന്നും വ്യത്യസ്തമായി കൊറോണ പ്രോട്ടോകോളുകൾ പാലിച്ചായിരുന്നു ഇത്തവണത്തെ പാതിരാ കുർബാനയും പ്രാർത്ഥനകളും.
കൊറോണ കാലമാണെങ്കിലും വീടുകളിൽ തന്നെ ക്രിസ്മസ് ആഘോഷമാക്കാനൊരുങ്ങുകയാണ് വിശ്വാസികൾ. പുൽക്കൂടൊരുക്കിയും നക്ഷത്രവിളക്കുകൾ തെളിയിച്ചും അവർ ക്രിസ്തുമസിനെ വരവേറ്റു. യേശുദേവന്റെ തിരുപ്പിറവി വിളിച്ചോതുന്ന ചടങ്ങുകളെല്ലാം ദേവാലയങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് പൂർത്തിയായി. പുരോഹിതർ വിശ്വാസികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. സുവിശേഷ വായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ച് പള്ളിമണികൾ മുഴങ്ങി.
വലിയ ഒത്തുകൂടലുകളില്ലെങ്കിലും സ്വന്തം വീടിനുള്ളിലിരുന്ന് ക്രിസ്തുമസ് ആഘോഷമാക്കുകയാണ് എല്ലാവരും. ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും പ്രത്യാശ കൈവെടിയാതെ നല്ല നാളേയ്ക്കായി ജനങ്ങൾ കാത്തിരിക്കുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ദിനത്തിൽ എല്ലാ വിശ്വാസികൾക്കും ജനം ടിവിയുടെ ക്രിസ്മസ് ആശംസകൾ.
Comments