മെൽബൺ:ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ മെൽബണിൽ ആരംഭിക്കും. ബോക്‌സിംഗ് ഡേ ടെസ്റ്റാണ് ആരംഭിക്കുന്നത്. നാളെ രാവിലെ ഇന്ത്യൻ സമയം അഞ്ചുമണിമുതൽ കളി ആരംഭിക്കും. ഇന്ത്യക്ക് ഏറെ നിർണ്ണായകമായ ടെസ്റ്റിൽ നാട്ടിലേക്ക് മടങ്ങിയ നായകൻ വിരാട് കോഹ്ലിക്ക് പകരം അജിൻക്യാ രഹാനെ ടീമിനെ നയിക്കും.
പ്രകടമായ മാറ്റമാണ് ഇന്ത്യൻ ടീമിൽ വരുത്തിയിരിക്കുന്നത്. ഓപ്പണർ പൃഥ്വി ഷാ, പരിക്കേറ്റ മുഹമ്മദ് ഷമി, എന്നിവർക്ക് പകരമായി ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ ടീമിലെത്തി. ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജിനും, ബാറ്റിംഗ് നിരയിൽ ശുഭ്മാൻ ഗില്ലിനും നാളെ അരങ്ങേറ്റ ടെസ്റ്റാണ്. കീപ്പറായി ബാറ്റിംഗിന് കരുത്തേകാൻ സാഹയ്‌ക്ക് പകരം ഋഷഭ് പന്തും ടീമിലെത്തി. സന്നാഹ മത്സരത്തിൽ നേടിയ അതിവേഗ സെഞ്ച്വറിയാണ് ഋഷഭ് പന്തിന് ഗുണമായത്. ഓപ്പണറായി രഹാനേയും മായങ്ക് അഗർവാളുമിറങ്ങും. ശുഭ്മാൻ ഗില്ല്, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, അശ്വിൻ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ 11പേരിലുള്ളത്.
ഓസീസ് നിരയിൽ വലിയ മാറ്റങ്ങളില്ല. വാർണർ എത്തിയിട്ടുണ്ടെങ്കിലും സുരക്ഷാ ബബിളിൽ നിന്നും പുറത്തുവരാനായിട്ടില്ലെന്നതിനാൽ രണ്ടാം ടെസ്റ്റിൽ കളിക്കാനാകില്ല. മെൽബണിൽ ഓസീസാണ് ഇന്ത്യക്കെതിരെ ഏറ്റവുമധികം ജയം നേടിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ആതിഥേയർക്കുള്ള മുൻതൂക്കം.















