ഹൈദരാബാദ്: തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ട താരം. ക്രിസ്മസിന് തന്റെ കുട്ടി ആരാധകന് അല്ലു അർജുൻ നൽകിയ സമ്മാനമാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. ഹൈദരാബാദിലെ അനാഥാലയത്തിൽ കഴിയുന്ന സമീറിനാണ് അല്ലു സർപ്രൈസ് സമ്മാനം നൽകിയത്.
അല്ലു അർജുന്റെ ഓട്ടോഗ്രാഫ് ക്രിസ്മസ് സമ്മാനമായി ലഭിക്കണമെന്നായിരുന്നു സമീറിന്റെ ആഗ്രഹം. ഇത് അറിഞ്ഞ നടി വിഥിക ഷേരുവാണ് സമീറിനെ കുറിച്ച് അല്ലുവിനെ അറിയിച്ചത്. അനാഥാലയത്തിലെ കുട്ടികൾക്കായി ഒരു സീക്രട്ട് സാന്റാ വീഡിയോ വിഥിക ഒരുക്കിയിരുന്നു. ഈ വീഡിയോയിൽ സമീറിനോട് ക്രിസ്മസ് സമ്മാനമായി എന്ത് വേണമെന്ന് വിഥിക ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോയിലാണ് അല്ലു അർജുന്റെ ഓട്ടോഗ്രാഫ് വേണമെന്ന തന്റെ ആഗ്രഹം സമീർ വെളിപ്പെടുത്തിയത്. പിന്നീട് വിഥിക ട്വിറ്റിലൂടെ സമീറിന്റെ ആവശ്യം അല്ലുവിനെ അറിയിച്ചു.
തുടർന്ന് താരം സമീറിനും കൂട്ടുകാർക്കും ക്രിസ്മസ് സമ്മാനങ്ങൾ എത്തിച്ചു. സമീറിന് നൽകാനായി ഓട്ടോഗ്രാഫും അനാഥാലയത്തിലെ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളുമായി തന്റെ മകൻ അല്ലു അയാനെ തന്നെയാണ് താരം അയച്ചത്. അനാഥാലയത്തിലെ കുട്ടികളുമായി ഏറെ നേരം ചെലവഴിച്ച് കുട്ടികൾക്ക് ക്രിസ്മസ് സമ്മാനവും നൽകിയ ശേഷമാണ് അയാൻ മടങ്ങിയത്.















