ഡോക്ടർ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രം സ്റ്റെതസ്‌കോപ്പിന്റേതാകും. ഡോക്ടർമാർ പരിശോധനയ്‌ക്കായി ഉപയോഗിക്കുന്ന പ്രധാന ഉപകരണമാണ് സ്റ്റെതസ്‌കോപ്പ്. ഇത് ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഡോക്ടർമാർ രോഗനിർണ്ണയം നടത്തുകയും, തുടർ പരിശോധനകൾക്ക് നിർദ്ദേശിക്കുകയും ചെയ്യുക. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിലുണ്ടാകുന്ന സൂക്ഷ്മ ശബ്ദങ്ങൾ കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്റ്റെതസ്‌കോപ്പുകൾ. സ്റ്റെതസ്‌കോപ്പിന്റെ കണ്ടു പിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.
പുരാതന കാലം മുതൽക്ക് തന്നെ ഭിഷഗ്വരന്മാർ മനുഷ്യ ശരീരത്തിലെ സൂക്ഷ്മ ശബ്ദങ്ങൾ അനുഭവിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്പോൾ അവ വയറ്റിലും അന്ന നാളത്തിലും ഉണ്ടാക്കുന്ന ശബ്ദങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ പഠന വിഷയം ആക്കിയിരുന്നു. എന്നാൽ ഇത്തരം ശബ്ദങ്ങൾ തിരിച്ചറിയുന്നതിനായി അന്ന് കാലത്ത് ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രോഗിയുടെ ശരീരത്തിൽ തല ചേർത്തുവെച്ചാണ് ഹൃദയമിടിപ്പും ശബ്ദങ്ങളും ഭിഷഗ്വരന്മാർ മനസ്സിലാക്കിയിരുന്നത്. 1817 ൽ ഫ്രഞ്ച് ഭിഷഗ്വരനായ റെനെ. ടി. എച്ച് ലെനക് ആണ് സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ചത്. തികച്ചും യാദൃശ്ചികമായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തും. കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ലെനകിന്റെ മനസ്സിൽ സ്റ്റെതസ്‌കോപ്പിന്റെ നിർമ്മാണം എന്ന ആശയം ഉദിക്കുന്നത്.
ഒരു മരത്തടിയുടെ ഒരറ്റത്ത് കല്ലുകൊണ്ട് ഉരയ്്ക്കുമ്പോൾ മറ്റേയറ്റം ചെവിയോട് ചേർത്ത് വെച്ച് അതി സൂക്ഷ്മമായ ശബ്ദം കേൾക്കുന്ന കളിയിലായിരുന്നു കുട്ടികൾ ഏർപ്പെട്ടത്. ഇത് കണ്ട ലെനക് സമാന വിദ്യ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കാം എന്ന് മനസ്സിലാക്കി. ഉടൻ തന്നെ അദ്ദേഹം മരച്ചില്ല കൊണ്ട് അറ്റം മണിപോലെ ക്രമീകരിച്ച ഒരു കുഴൽ ഉണ്ടാക്കി. ഈ കുഴൽ ഉപയോഗിച്ച് അദ്ദേഹം രോഗികളുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ആരംഭിച്ചു. അത്ഭുതമെന്ന് പറയട്ടെ കുഴലുപയോഗിച്ച് ഹൃദയമിടിപ്പ് വ്യക്തമായി കേൾക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യമായി നെഞ്ചിന്റെ പരിശോധനയ്‌ക്ക് ഉപയോഗിച്ചതിനാൽ അദ്ദേഹം തന്നെയാണ് ഇതിന് സ്റ്റെതസ്‌കോപ്പ് എന്ന് പേര് നൽകിയത്. ഗ്രീക്ക് ഭാഷയിൽ സ്റ്റെതോസ് എന്നാൽ നെഞ്ച് എന്നും സ്‌കോപ്പ് എന്നാൽ കണ്ടുപിടിക്കൽ എന്നുമാണർത്ഥം.
ശബ്ദം കേൾക്കുന്നതിനായി ഒരു അറ്റം മാത്രമുള്ളവയായിരുന്നു ലെനകിന്റെ സ്റ്റെതസ്‌കോപ്പുകൾ. പിന്നീട് 1840 കളിലാണ് രണ്ട് അറ്റവും ഉപയോഗി്ച്ച് കേൾക്കാൻ കഴിയുന്ന സ്റ്റെതസ്‌കോപ്പുകൾ നിർമ്മിച്ചത്. ജോർജ് പി കാമൺ ആയിരുന്നു ഇതിന് പിന്നിൽ. അദ്ദേഹമാണ് ആധുനിക സ്റ്റെതസ്‌കോപ്പിന്റെ ആദ്യ രൂപം നിർമ്മിച്ചത്. വടി പോലെ നിൽക്കുന്ന രണ്ട് കുഴലുകൾ സ്പ്രിംഗ് കൊണ്ട് ബന്ധിപ്പിച്ചായിരുന്നു അദ്ദേഹം സ്റ്റെതസ്‌കോപ്പ് നിർമ്മിച്ചത്. വൈ രൂപത്തിലുള്ള ഈ സ്റ്റെതസ്‌കോപ്പുകളാണ് ഇന്നത്തെ രീതിയിലേക്ക് മാറിയത്.
Comments