ആലപ്പുഴ : ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ നടപടി . പ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി പ്രദീപ്, സുകേഷ്, പിപി. മനോജ് എന്നിവരെയാണു പുറത്താക്കിയത്. പ്രകടനത്തില്‍ പങ്കെടുത്തതായി ബോധ്യപ്പെട്ട മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും തിങ്കളാഴ്ച തന്നെ വിശദീകരണം നല്കാൻ ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ പുറത്താക്കിയത്.
മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. യോഗ്യതയുളള ആളെയാണ് നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുത്തതെന്നും സ്ഥാനങ്ങളാണ് വലുത് എന്ന് ആഗ്രഹിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും മന്ത്രി ജി.സുധാകരന് പറഞ്ഞു.
ആലപ്പുഴ നഗരസഭ അദ്ധ്യക്ഷയായി ഇരവുകാട് വാർഡിൽ നിന്നുള്ള സൗമ്യ രാജിനെയാണ് സിപിഎം തീരുമാനിച്ചത്. എന്നാൽ നെഹ്രു ട്രോഫി വാർഡിൽ നിന്ന് ജയിച്ച കെ.കെ ജയമ്മയെ അദ്ധ്യക്ഷയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആലപ്പുഴ വടക്ക് ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയാണ് ജയമ്മ. സൗമ്യ തെക്ക് ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയാണ്. സമവായത്തിനായി ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതിനിടയിലാണ് സൗമ്യ രാജിനെ അദ്ധ്യക്ഷയായി പ്രഖ്യാപിച്ചത്.
Comments