മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ വളരെവേഗം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണെങ്കിൽ അതിന് സ്വീകാര്യതയേറും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ സൽക്കാരത്തിനെത്തിയതായിരുന്നു ഇരുവരും.
കറുത്ത കുർത്തയും മുണ്ടും ഉടുത്ത് സ്റ്റൈലിൽ മീശപിരിച്ച മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക. കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹൻലാൽ എത്തിയത്. രമേശ് പിഷാരഡി ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. നിർമ്മാതാവ് ആന്റോ ജോസഫും താരങ്ങൾക്കൊപ്പമുണ്ട്. ആന്റോ ജോസഫും കറുത്ത വസ്ത്രമാണ് ധരിച്ചത്. സ്ഥിരമായി വെള്ള വസ്ത്രം ധരിക്കുന്നയാളാണ് ആന്റോ ജോസഫ്.
ഇന്നലെയാണ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റേയും സിന്ധുവിന്റേയും മകൻ എമിലും തമ്മിലുള്ള വിവാഹം നടന്നത്. പള്ളിയിൽ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും ആദ്യാവസാനം വരെ മോഹൻലാലും കുടുംബവും പങ്കെടുത്തിരുന്നു. കല്യാണത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.















