കൊച്ചി : ദൃശ്യം 2 ന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ആമസോൺ പ്രൈമുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറാനാവില്ല. ഇക്കാര്യത്തിൽ തന്റെ തീരുമാനങ്ങൾക്ക് മോഹൻലാലിന്റെയും ജിത്തു ജോസഫിന്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. കൊച്ചിയിൽ ഫിയോക്കിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദൃശ്യം 2 ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശകർ തന്നെക്കുറിച്ച് ചിന്തിച്ചില്ല. സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചത്. ദൃശ്യം 2 റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല. അതിനാൽ തിയറ്റർ ഉടമകളുടെ യോഗത്തിൽ ദൃശ്യം 2 സംബന്ധിച്ച് ചർച്ച ചെയ്യില്ല. തന്റെ തന്നെ ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലി മരയ്‌ക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യും. മരയ്‌ക്കാറിന് വേണ്ടി ദൃശ്യം 2 ത്യജിച്ചെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.















