ബംഗളൂരു: കർണ്ണാടക സംസ്ഥാനത്തിലെ പ്രശസ്തമായ ഉൽസൂർ തടാക ശുദ്ധീകരണത്തിന് ജപ്പാൻ മാതൃക പരീക്ഷിക്കാനൊരുങ്ങി നഗരസഭ. ജപ്പാനിൽ തടാകം സംരക്ഷിക്കാനും ജലബാഷ്പീകരണം കുറയ്ക്കാനും നടത്താറുള്ള ബൊകാഷി ബോൾ പദ്ധതിയാണ് നടപ്പാക്കുന്നത്. ജലശുദ്ധീകരണത്തിനായി ലോകം മുഴുവൻ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഉൽസൂറിലും പ്രാവർത്തികമാക്കുന്നത്.
സൂക്ഷ്മാണുക്കളെ വളർത്താൻ സഹായിക്കുന്ന മിശ്രിതമടങ്ങിയ പന്തുകൾ ജലത്തിൽ നിക്ഷേപിച്ചുള്ള നൂതനമായ രീതിയാണ് ജപ്പാന്റെ ബൊകാഷി ബോൾ പദ്ധതി. അറക്ക പ്പൊടിയും ചാണകവും ചുവന്ന മണ്ണും നൈട്രേറ്റും ഫോസ്ഫേറ്റും ചേർന്ന മിശ്രിതമാണ് പന്തിന്റെ രൂപത്തിലാക്കി നിക്ഷേപിക്കുന്നത്. ഇതേ പദ്ധതി പ്രകാരം കൈക്കൊണ്ട്രാഹള്ളി തടാകം ശുദ്ധീകരിച്ച മാതൃക വിജയകരമായിരുന്നുവെന്ന് സംസ്ഥാന ജലസംരക്ഷണ വകുപ്പറിയിച്ചു.
വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതാണ് ജലം മലിനമാകാൻ കാരണമെന്നും ഒരു വിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജലത്തിന്റെ കട്ടികാരണമാണ് ആറടിക്ക് താഴേക്ക് സൂര്യപ്രകാശം എത്താത്തതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ജലത്തിലെ സൂക്ഷ്മാണുക്കളിൽ ബൊകാഷി ബോളുകൾക്ക് അൽഭുതകരമായ പരിവർത്തനം വരുത്താനാകുമെന്നും അത് ജലത്തെ ശുദ്ധീകരിക്കുമെന്നുമാണ് നിഗമനം.
Comments