ഔഷധ ഗുണമുള്ള നിരവധി സസ്യങ്ങള്‍ നമുക്ക് ചറ്റിലുമുണ്ട്. അത്തരത്തിൽ ഒന്നാണ് അരൂത. അധികം ഉയരം വയ്ക്കാത്ത ആ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുലമാണ്. റൂട്ടേസി എന്ന കുടുംബത്തില്‍ പെടുന്ന അരൂതയുടെ ശാസ്ത്രനാമം റൂട്ടാഗ്രാവിയോലന്‍സ് എന്നാണ്. അപസ്മാരത്തെ പ്രതിരോധിക്കുന്നു എന്നതാണ് ഈ സസ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് വീടുകളില്‍ വെച്ചു പിടിപ്പിക്കുക യാണെങ്കില്‍ ആ വീട്ടില്‍ ആര്‍ക്കും തന്നെ അപസ്മാരം ഉണ്ടാവുകയില്ല എന്നൊരു വിശ്വാസവും ഇതിനു പിന്നിലുണ്ട്. ആരെങ്കിലും അപസ്മാരം ഇളകി വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍ കഴിയുന്ന അത്ര ഔഷധമൂല്യം ഉള്ള ചെടിയാണിതെന്നും ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്ന പേര് വന്നു എന്നുമാണ് വിശ്വാസം.
അരൂതയുടെ ഇലകളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന എണ്ണ വളരെയേറെ ഔഷധ ഗുണമുള്ളവയാണ്. കൂടാതെ ഇതിന്റെ ഇലകള്‍ കൈക്കുള്ളില്‍ വെച്ച് തിരുമ്മിയാല്‍ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്.
അരൂതയുടെ ഇലകള്‍ കഴുത്തില്‍ കെട്ടിയാല്‍ നേത്രരോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികളില്‍ ഉണ്ടാകുന്ന അപസ്മാരത്തിന് അരൂതയില് കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയില്‍ തിളപ്പിച്ച് പത്ത് തുളളി വീതം ദിവസത്തില്‍ ഒരു നേരം നല്കിയാല് അപസ്മാരത്തിന് ആശ്വാസം ലഭിക്കും എന്നാണ് പറയപ്പെടുന്നത്.
കൂടാതെ കുട്ടികളിലെ പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന് നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കണ്ടം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകുമ്പോള്‍ അരിച്ച് ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്. അരൂതച്ചെടി തോട്ടങ്ങളില്‍ ഉണ്ടെങ്കില്‍ പാമ്പുകള്‍ വരില്ല എന്നാണ് വിശ്വാസം.
Comments