സാധാരണയായി മിക്ക ആളുകളും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ചുവന്ന കുരുക്കള്‍ . വേനല്‍ കാലങ്ങളിലാണ് ഇവ കൂടുതലായും ഉണ്ടാകുന്നത്. നെഞ്ച്, കഴുത്ത്, പുറം, തുട, ഗുഹ്യഭാഗങ്ങള്‍ തുടങ്ങി സ്ഥലങ്ങളിലാണ് ശരീരത്തില്‍ പ്രധാനമായും ഇവ കാണപ്പെടുന്നത്. ചിലത് വളരെ വലിപ്പമേറിയതും ചുവന്നു തുടുത്തുമായിരിക്കും. വലിയ കുരുക്കള്‍ ആണെങ്കില്‍ അതിന്റെ വേദന അസഹനീയമാണ്. കൂടാതെ ഇതിനുള്ളില്‍ നിന്നും ചൊറിച്ചിലുണ്ടാകുകയും ചില സമയങ്ങളില്‍ ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു.
എന്നാല്‍ ഇവ തുടക്കത്തില്‍ തന്നെ വളരെ എളുപ്പം വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് മാറ്റിയെടുക്കാം. കടയില്‍ നിന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് പച്ചമഞ്ഞള്‍. ഇത് നന്നായി അരച്ചെടുത്ത് അതിലേയ്ക്ക് റോസ് വാട്ടര്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ശേഷം കുരുക്കള്‍ ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. രണ്ടു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ പെട്ടെന്നു തന്നെ ഇവ മാറി കിട്ടുന്നതാണ്. കൂടാതെ ആര്യവേപ്പില നന്നായി അരച്ച് കുരുക്കളുടെ മുകളില്‍ പുരട്ടിയാല്‍ പെട്ടെന്ന് തന്നെ കരിഞ്ഞു പോകും. വേപ്പില ഒരു ആന്റിഓക്സിഡെന്റാണ്.
വേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ഐസ് ക്യൂബ് ഉപയോഗിച്ച് കുരുവിന്റെ മുകളില്‍ മസാജ് ചെയ്യുന്നത് വളരെയേറെ നല്ലതാണ്. വേദന കുറയാനും ചൊറിച്ചില്‍ അകറ്റാനും ഇത് ഏറെ സഹായിക്കുന്നു. കറ്റാര്‍വാഴയുടെ ജെല്ലെടുത്ത് കുരുവുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. വളരെ പെട്ടെന്നു തന്നെ കുരുക്കള്‍ ഇല്ലാതാക്കാന്‍ ഇത് ഏറെ സഹായിക്കുന്നു. ചോളം നന്നായി അരച്ച് കുരുക്കളുടെ മുകളില്‍ പുരട്ടി കൊടുക്കുകയാണെങ്കില്‍ കുരുക്കള്‍ പെട്ടെന്ന് ഇല്ലാതാകുന്നു.
Comments