മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ഇന്നത്തെ സമൂഹത്തില്‍ കുറവാണ് പ്രത്യേകിച്ചും പുതുതലമുറ. ആവശ്യമുള്ളതും അല്ലാത്തതുമായ നിരവധി ആപ്ലിക്കേഷനുകളാണ് ഓരോ ഫോണുകളിലും ആളുകള്‍ കുത്തി നിറക്കുന്നത്. എന്നാല്‍ പലപ്പോഴും അവയെല്ലാം തന്നെ ഒറിജിനല്‍ ആണോ എന്ന് നാം ചിന്തിക്കാറില്ല. അത്തരം അപ്ലിക്കേഷനുകളില്‍ ഒറിജിനലും വ്യാജനും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും ഇത്തരത്തിലുള്ള അപ്ലിക്കേഷനുകള്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്ത്തപ്പെടുന്നതിനു കാരണമാകുന്നു. മിക്കപ്പോഴും ഗൂഗിളിന്റെ പ്ലേസ്റ്റോര്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ തുടങ്ങി ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ കാണുമ്പോള്‍ അവയെല്ലാം ഒറിജിനല്‍ ആണെന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ എല്ലാം തന്നെ അങ്ങനെ ആയിരിക്കണമെന്നില്ല.
കാഴ്ചയിലും പ്രവര്‍ത്തനത്തിലും ഒറിജിനല്‍ ആപ്പുകളെക്കാള്‍ മികവുറ്റ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് സംശയം തോന്നാത്ത വിധത്തില്‍ ആണ് വ്യാജ ആപ്പുകളുടെ നിര്‍മ്മാണം. നമ്മുടെ സ്വകാര്യതയ്ക്ക് വളരെ വലിയ വെല്ലുവിളിയാണ് ഇത്തരത്തിലുള്ള ആപ്പുകള്‍. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ മാത്രമല്ല ചിത്രങ്ങള്‍ എടുക്കാനും കൂടാതെ മൊബൈല്‍ ക്യാമറകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാനും ഇത്തരം മൊബൈല്‍ അപ്ലിക്കേഷന്‍ സാധിക്കുന്നു. അതുകൊണ്ടു തന്നെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അവ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഏതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് വ്യക്തത ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
കൂടാതെ തന്നെ വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ള ഇടങ്ങളില്‍ ഗ്രാമര്‍, സ്പെല്ലിംഗ് എന്നിവയിലുള്ള തെറ്റ് തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ വ്യാജമാണെന്ന് ഉറപ്പിക്കാം. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഇത്തരത്തിലുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ സാധാരണ ആപ്പുകളെക്കാള്‍ നിരവധി പെര്മിഷന് ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും അഡ്മിനിസ്ട്രേഷന് പെര്മിഷന് ആവശ്യപ്പെടുന്ന ആപ്പുകള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഇത് നല്‍കുന്നതോടൊപ്പം നമ്മുടെ എല്ലാ വിവരങ്ങളും അവര്‍ക്കു ലഭിക്കുന്നു. ഏത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുവാൻ ശ്രദ്ധിക്കുക.
Comments