കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഗണപതി നടയില്‍ തേങ്ങയുടച്ച വഴിപാട് തുകയായ 40 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയപ്പോള്‍ പണം എത്തിയത് റൗഫ് എന്നയാളുടെ വ്യക്തിഗത അക്കൗണ്ടില്‍. ഗൂഗിള്‍ പേ രസീത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ക്ഷേത്രത്തിലെ തേങ്ങാ വില്‍പ്പന കൗണ്ടറിലെ ജീവനക്കാരന്റെ വ്യക്തിഗത യുപിഐ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് വിവരം.
ഞായറാഴ്ചയാണ് ആര്‍പ്പൂക്കര സ്വദേശിനിയും സര്‍ക്കാര്‍ ജീവനക്കാരിയുമായ ഭക്തയ്‌ക്ക് ഈ അനുഭവമുണ്ടായത്. ക്ഷേത്രത്തിലെ കൂത്തമ്പലത്തോട് ചേര്‍ന്നുള്ള ഗണപതി നടയില്‍ തേങ്ങയുടയ്‌ക്കാനെത്തിയ ഇവരുടെ കൈയില്‍ പണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡിജിറ്റലായി പണമടയ്‌ക്കാന്‍ ക്യുആര്‍ കോഡോ ഫോണ്‍ നമ്പറോ നല്‍കണമെന്ന് കൗണ്ടറിലുണ്ടായിരുന്നയാളോട് ആവശ്യപ്പെട്ടു.
ഗണപതി നടയില്‍ തേങ്ങ വില്‍ക്കുന്നതിനുള്ള അവകാശം ദേവസ്വം ബോര്‍ഡ് ലേലത്തിലൂടെയാണ് നല്‍കിയിട്ടുള്ളത്. ലേലം നേടിയ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുന്നയാളാണ് റൗഫെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഭക്തര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ ദേവസ്വം ബോര്‍ഡോ ക്ഷേത്ര അധികൃതരോ ഔദ്യോഗിക ക്യുആര്‍ കോഡോ മറ്റ് സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍, വഴിപാട് തുക വ്യക്തിഗത അക്കൗണ്ടിലേക്ക് സ്വീകരിച്ചതിനെച്ചൊല്ലി വിമര്‍ശനം ശക്തമായി.
ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളില്‍ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിന്റെ നിബന്ധനകള്‍ പാലിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അഹിന്ദുക്കളെ ഇത്തരം കൗണ്ടറുകളില്‍ ജോലിക്ക് നിയോഗിക്കരുതെന്ന നിബന്ധന കരാറുകാരന്‍ ലംഘിച്ചെന്നാണ് ഹിന്ദു സംഘടനകളും ചില ഭക്തരും ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ റൗഫിനെ താത്കാലികമായി ക്ഷേത്രത്തിലെ കൗണ്ടര്‍ ചുമതലകളില്‍നിന്ന് ഒഴിവാക്കിയതായാണ് വിവരം. കൗണ്ടറുകളില്‍ താത്കാലിക ജീവനക്കാരെ നിയോഗിക്കുമ്പോള്‍ അവരുടെ പശ്ചാത്തലവും യോഗ്യതയും കൃത്യമായി പരിശോധിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ലേല, കരാര്‍ നടപടികളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തിരുനക്കരയിലെ സംഭവം ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ആരോപിച്ചു. തിരുനക്കരയില്‍ തേങ്ങാ വില്‍പ്പനയുടെ കരാര്‍ ഹിന്ദു നാമധാരിക്കാണെങ്കിലും പണം എത്തിയത് റൗഫിന്റെ അക്കൗണ്ടിലേക്കാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.















