കൊൽക്കത്ത: ജെൻസി പ്രക്ഷോഭങ്ങൾ തീവ്രവാദ സ്വഭാവമുള്ള ജിഹാദി ശക്തികൾ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ഇത്തരം നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ബംഗ്ലാദേശിൽ നിന്ന് നാടുകടത്തപ്പെട്ട എഴുത്തുകാരി തസ്ലീമ നസ്റിൻ. പ്രക്ഷോഭങ്ങളുടെ ലക്ഷ്യവും പിന്നിലെ പ്രത്യയശാസ്ത്രവും പരിശോധിക്കണം. വ്യക്തമായ പുരോഗമനപരമായ കാഴ്ചപ്പാടും ഭാവി പദ്ധതിയും ഇല്ലാത്ത പ്രക്ഷോഭങ്ങൾ വലിയ അരാജകത്വത്തിലേക്ക് നയിച്ചേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.
കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു തസ്ലീമ നസ്റിൻ. ബംഗ്ലാദേശിലെ 2024ലെ പ്രക്ഷോഭം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അവർ, സർക്കാർ ജോലികളിലെ സംവരണ സംവിധാനത്തിനെതിരായ യുക്തിസഹമായ ആവശ്യവുമായി തുടങ്ങിയ പ്രക്ഷോഭത്തിന് പിന്നീട് വ്യാപകമായ പിന്തുണ ലഭിച്ചെങ്കിലും, പിന്നീട് ജിഹാദി ശക്തികൾ അത് ഹൈജാക്ക് ചെയ്തുവെന്നും ഒടുവിൽ അധികാരം പിടിച്ചെടുത്തുവെന്നും അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കൾ നേരിടുന്ന പീഡനങ്ങളിലും തസ്ലീമ ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുക്കളോടു സഹാനുഭൂതിയുണ്ടെങ്കിൽ അവർക്കെതിരായ പീഡനങ്ങൾ അവസാനിപ്പിക്കാൻ അവിടുത്തെ ഭരണകൂടം നടപടിയെടുക്കുമായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. ഹിന്ദുക്കൾക്കു പിന്നാലെ പുരോഗമന ചിന്താഗതിയുള്ള മുസ്ലീങ്ങൾക്കും രാജ്യം വിടേണ്ടിവരുമെന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടാം തവണയാണ് തസ്ലീമ നസ്റിൻ കൊൽക്കത്തയിലെത്തുന്നത്.















