തിരുവനന്തപുരം: തനിക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുത്തതിന് പിന്നിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യമാണെന്ന് വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ. വീട്ടിൽ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് വീട്ടിലേക്ക് കയറി വന്നതെന്നും തന്നെ വലിച്ചിഴച്ചെന്നും സുഗതൻ പറഞ്ഞു. ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മേയർക്കും, ആർ സുഗതനുമെതിരെ കള്ളക്കേസുകൾ ചുമത്തിയതിനെതിരെയും, കാപ്പ നിയമം ഉപയോഗിച്ച് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നടത്തിയ നിയമസഭാ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗതന്റെ കുടുംബത്തിനൊപ്പം ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ധർണ്ണയിൽ പങ്കെടുത്തു.
‘കാപ്പ കേസിന് പിന്നിൽ മുൻവൈരാഗ്യം’
വട്ടിയൂർക്കാവിന്റെ വികസനത്തിനായി ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നതായി സുഗതൻ പറഞ്ഞു. കെ. മുരളീധരൻ എംഎൽഎയായിരുന്ന കാലത്താണ് സമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഉപതിരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് വിജയിച്ചെത്തിയശേഷം സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം അംഗീകരിച്ചില്ല. നിരാഹാര സമരം താൻ ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവും അംഗീകരിക്കാതിരുന്നതോടെയാണ് വൈരാഗ്യം ഉണ്ടായത്.
ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടതായും കണ്ടംനേഷൻ സെല്ലിൽ പാർപ്പിച്ചതായും സുഗതൻ പറഞ്ഞു. ജയിലിനുള്ളിൽ മയക്കുമരുന്ന് ലോബി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും സുഗതൻ കൂട്ടിച്ചേർത്തു.















