ന്യൂഡൽഹി : ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നടൻ ദീപ് സിദ്ധുവിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടത്തിയ പ്രചാരണത്തിന് തിരിച്ചടി. കാർഷിക ബില്ലിനെതിരെ പ്രതിഷേധം തുടങ്ങിയതു മുതൽ ഒപ്പമുണ്ടായിരുന്ന ദീപ് സിദ്ധു ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത് തെറ്റായിപ്പോയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നടൻ എന്ന നിലയിൽ സണ്ണി ഡിയോളിന് വേണ്ടി പ്രചാരണം നടത്തിയതാണെന്നും എന്നാൽ ബിജെപിയുമായി ബന്ധം സ്ഥാപിച്ചത് തെറ്റായിപ്പോയെന്നും കഴിഞ്ഞ ഡിസംബറിലാണ് ദീപ് സിദ്ധു മാദ്ധ്യമങ്ങളോട് പറഞ്ഞത്.
കർഷകരുടെ പേരിൽ നടക്കുന്ന പ്രതിഷേധത്തിൽ ആദ്യം മുതൽ പങ്കെടുത്ത ദീപ് സിദ്ധു പല വേദികളിലും പങ്കെടുത്തതിന്റെയും പ്രസംഗിക്കുന്നതിന്റെയും വീഡിയോകൾ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. എൻ.ഐ.എ അന്വേഷണത്തിനായി ഇയാളെ വിളിപ്പിച്ചതിന്റെ വിവരവും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരെ നിരവധി ലൈവ് വീഡിയോകളും ദീപ് സിദ്ധു ഫേസ്ബുക്ക് പേജിൽ ചെയ്തിട്ടുണ്ട്.
ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത് വലിയ തെറ്റായിപ്പോയെന്നും അതിന്റെ പേരിൽ താൻ ഖേദിക്കുന്നുവെന്നും പല പ്രാവശ്യം മാദ്ധ്യമങ്ങളോട് പറഞ്ഞ വീഡിയോകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
Comments