തിരുവനന്തപുരം: മലയാള സിനിമാ റിലീസിൽ വീണ്ടും അനിശ്ചിതത്വം. സിനിമകൾ തീയേറ്ററിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്. സെക്കൻഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് നടത്താനാകില്ലെന്ന തീയേറ്റർ ഉടമകളുടെ നിലപാടിനെ തുടർന്നാണ് നടപടി. ഈ സാഹചര്യത്തിൽ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചു. ഫെബ്രുവരി നാലിന് ആയിരുന്നു റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്.
കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യം എത്തിയത് വിജയ് ചിത്രം മാസ്റ്റർ ആയിരുന്നു. പിന്നാലെ ജയസൂര്യയുടെ മലയാള ചിത്രം വെള്ളം തീയേറ്ററുകളിലെത്തി. എന്നാൽ ചെലവുകൾ പരിഹരിക്കുന്നതിനായി ഒരു ഷോ കൂടി വേണമെന്നാണ് തീയേറ്റർ ഉടമകളുടെ ആവശ്യം.
25ഓളം മലയാള സിനിമകളാണ് ഇപ്പോൾ പെട്ടിയ്‌ക്കുള്ളിൽ ഇരിക്കുന്നത്. വൈദ്യുതി ചാർജിലും വിനോദ നികുതിയിലും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത് ആശ്വാസമായിരുന്നു. എന്നാൽ പകുതി സീറ്റുകളിൽ മാത്രം ഇരുത്തി പ്രദർശനം നടത്തുന്നത് നഷ്ടമാണെന്നും ഒരു ഷോ കൂടി അനുവദിക്കണമെന്നും തീയേറ്റർ ഉടമകൾ അറിയിക്കുന്നു.
നിലവിൽ 50 ശതമാനം ആളുകളെ മാത്രം ഉൾപ്പെടുത്തിയാണ് തീയേറ്ററിൽ പ്രദർശനം നടക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഒമ്പത് വരെയാണ് പ്രദർശനം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് തീയേറ്ററുകൾ പ്രവർത്തിക്കുന്നത്.















