ബംഗളൂരു : ഇന്ത്യൻ സമുദ്രമേഖലയിലെ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗളൂരു എയ്‌റോ ഷോയോടനുബന്ധിച്ച് നടന്ന ഇന്ത്യൻ സമുദ്രമേഖല രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിൽ ശാന്തിയും സമാധാനവും സുരക്ഷയും കൊണ്ടുവരിക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ വെല്ലുവിളികളെ ഒരുമിച്ച് നേരിടണമെന്ന് രാജ്നാഥ് സിംഗ് ഓർമ്മപ്പെടുത്തി. ഇന്ന് ഒരാൾക്ക് വെല്ലുവിളിയാകുന്നത് നാളെ മറ്റൊരാൾക്ക് വെല്ലുവിളിയായേക്കാം. സമുദ്ര മേഖലയിലെ മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയവയെ ഒരുമിച്ച് നേരിടേണ്ടത് അത്യാവശ്യമാണ്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പരസ്പര സഹകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെക്കൻ ചൈന കടലിൽ ചൈന നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചു. ചില മേഖലയിലെ തർക്കങ്ങൾ സമാധാനം തകർക്കുന്നവയാണ്. മാത്രമല്ല സമുദ്ര മേഖല വഴി രാജ്യങ്ങൾക്കുണ്ടാകേണ്ട വികസനം ഇല്ലാതാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ രാജ്യങ്ങൾക്ക് മിസൈലുൾപ്പെടെയുള്ള ആയുധങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാണ്. ഹെലികോപ്ടറുകളും പടക്കപ്പലുകളും ആർട്ടിലറി തോക്കുകളും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഇന്ത്യയ്ക്ക് നൽകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ചൈന കടലുമായി ബന്ധപ്പെട്ട് ചൈന ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമുദ്ര മേഖല രാജ്യങ്ങളുടെ സഖ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എയ്‌റോ ഷോയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരെ ക്ഷണിച്ചതും ഇന്ത്യ കയറ്റി അയക്കാൻ തയ്യാറുള്ള പ്രതിരോധ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതും ഇതിന്റെ ഭാഗമായാണ്.
പ്രദർശനം എന്നതിലുപരി വിവിധ തലത്തിലുള്ള പദ്ധതികളും തന്ത്രപ്രധാനമായ സഹകരണവും ലക്ഷ്യമിട്ട ബംഗളൂരു എയ്‌റോ ഷോ വെള്ളിയാഴ്ച്ച സമാപിക്കും.രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
Comments