കൊച്ചി: നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകം ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് പ്രകാശനത്തിനൊരുങ്ങുന്നു. ഫെബ്രുവരി 14 നാണ് പുസ്തക പ്രകാശന ചടങ്ങ്. വിസ്മയ രചിച്ച കവിതയും പെയിന്റിംഗുമാണ് പുസ്തകത്തിലുള്ളത്. പെൻഗ്വിൻ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. മോഹൻലാലാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
വളരെ അപ്രതീക്ഷിതമായാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് പിറവിയെടുത്തതെന്നാണ് വിസ്മയ വ്യക്തമാക്കുന്നത്. കവിതാ സമാഹാരം എഴുതണം എന്ന ഉദ്ദേശ്യത്തോടെയല്ല ഇത് എഴുതിയതെന്നും പുസ്തകം വായിക്കുമ്പോൾ അത് മനസിലാകുമെന്നും വിസ്മയ പറഞ്ഞു. വളരെ ലളിതമായാണ് കവിതകൾ എഴുതിയിരിക്കുന്നത്. സബ്‌വേയിൽ കാത്തിരിക്കുമ്പോഴും ഇഷ്ടപ്പെട്ട സംഗീതം കേൾക്കുമ്പോഴും പെയിന്റിംഗിലേക്കോ പ്രകൃതിയിലേക്കോ നോക്കുമ്പോഴും തന്നിലേക്ക് വരുന്ന വാക്കുകളിൽ നിന്നും ഫോണിൽ ടൈപ്പ് ചെയ്ത എടുത്തവയാണ് കവിതകളെന്നും വിസ്മയ പറയുന്നു.
പ്രണവ് മോഹൻലാലും വിസ്മയയുടെ പുസ്തകത്തെ കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏത് ഭാഗത്തും പുസ്തകം ലഭിക്കുമെന്നും ഓൺലൈനായി പുസ്തകം ബുക്ക് ചെയ്യാമെന്നും പ്രണവ് പറഞ്ഞു.















