ന്യൂഡൽഹി:ടൂൾക്കിററ് കേസിൽ ശക്തമായ നിലപാടുമായി ഡൽഹി പോലീസ്. ആംആദ്മി പാർട്ടി നേതാക്കളായ നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരെ പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മലയാളിയായ നികിത ജേക്കബ് മുംബെയിലാണ് അഭിഭാഷകയായി ജോലി ചെയ്യുന്നത്. കർഷനിയമത്തിനെതിരെ പ്രതിഷേധിക്കാൻ രാജ്യവ്യാപകമായി ക്യാംമ്പെയിനുകൾ സംഘടിപ്പിച്ചതിൽ നികിതയ്ക്ക് വലിയ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ബാംഗ്ലൂർ സ്വദേശിനി ദിഷ രവിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ പങ്ക് വ്യക്തമായത്.കർഷക നിയമങ്ങളുടെ പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായത്.ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാൻ ഖാലിസ്താൻ അനുകൂല സംഘടനകളുമായി ദിഷ രവിയും സംഘവും സഹകരിച്ചുവെന്നും പോലീസ് പറയുന്നു.
സ്വീഡിഷ് കാലാവസ്ഥാ വ്യതിയാന പ്രവർത്തകയായ ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനകൾ നടന്നതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന.
ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ടൂൾകിറ്റ് കേസിൽ ദിഷാരവിയെ അറസ്റ്റു ചെയ്തത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കാലാവസ്ഥാ സംഘടനയായ ഫ്യൂച്ചർ ഫോർ ഫ്യൂച്ചർ കാമ്പെയ്നിന്റെ സ്ഥാപകരിലൊരാളാണ് ദിഷാ രവി. ഇന്ത്യൻ ശിക്ഷാ നിയമം124 എ, 120 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കർഷകരുടെ പ്രകടനത്തെ പിന്തുണച്ച് രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനെതിരെ ഡൽഹി പോലീസിന്റെ സൈബർ സെല്ലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, രാജ്യത്ത് ശത്രുത വളർത്താനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ടൂൾകിറ്റ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുക , ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധിക്കുക എന്നീ പദ്ധതികളാണ് പ്രധാനമായും ഇവർ ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ പ്രതിഷേധത്തെ രാജ്യവിരുദ്ധ നിലപാടുകൾ ചേർത്ത് ആളികത്തിക്കാനാണ് ഇവർ ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Comments