കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ആചാര അനുഷ്ഠാനകലയാണ് തെയ്യം. അവയില്‍ ഏറ്റവും കൂടുതലായി കെട്ടിയാടുന്ന ഒന്നാണ് വേട്ടക്കൊരുമകന്‍. ഈ തെയ്യത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. വേട്ടക്കൊരു മകന്റെ ആരൂഡം എന്നു പറയുന്നത് ബാലുശ്ശേരി കോട്ട ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രമാണ്. നിരവധി ചരിത്രങ്ങളും ഐതിഹ്യങ്ങളും നിലകൊള്ളുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിലേയ്ക്ക് എത്തുന്നതിന് കുറച്ചു മുന്‍പേ തന്നെ ബാലുശ്ശേരി കോട്ട കാണാം. കോട്ട കടന്നു ചെന്നാല്‍ മുന്നില്‍ തന്നെ മണ്ഡപവും കാണാം. അതും കഴിഞ്ഞു വേണം ക്ഷേത്രത്തിലേക്ക് പോകാന്‍. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുഭാഗങ്ങളിലുമായി മണ്ണുകൊണ്ട് തീര്‍ത്ത മതിലുകള്‍ കാണാം.
വളരെ പ്രകൃതി സുന്ദരമായ ഒരു അന്തരീക്ഷമാണ് ഇവിടം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വേട്ടക്കൊരുമകന്‍ തന്നെയാണ്. നിരവധി ക്ഷേത്രങ്ങളില്‍ ഉപപ്രതിഷ്ഠയായിട്ടാണ് വേട്ടയ്‌ക്കൊരുമകന്‍ ഉണ്ടാകാറുളളത്. ക്ഷേത്രത്തിനു ചുറ്റുമായി നിരവധി പഴയ കെട്ടിടങ്ങളും വളരെ വിശാലമായ സൗകര്യങ്ങളും മതില്‍ക്കെട്ടുകളും ക്ഷേത്രക്കുളവും ഉണ്ട്. പാശുപതാസ്ത്രം ലഭിക്കാന്‍ വേണ്ടി അര്‍ജ്ജുനന്‍ പരമശിവനെ തപസു ചെയ്തു. എന്നാല്‍ ഇത് നല്‍കുന്നതിനു മുന്‍പേ അര്‍ജ്ജുനനെ പരീക്ഷിക്കാനായി പരമശിവനും പാര്‍വ്വതിയും കാട്ടാളവേഷം ധരിച്ച് എത്തുകയും തങ്ങളുടെ പരീക്ഷണങ്ങളില്‍ വിജയിച്ച അര്‍ജുനന് പാശുപതാസ്ത്രം നല്‍കുകയും ചെയ്തു. എന്നാല്‍ ആ സമയം ശിവപാര്‍വ്വതിമാര്‍ക്കുണ്ടായ മകനാണ് വേട്ടക്കൊരുമകന്‍ എന്നാണ് ഐതിഹ്യം പറയുന്നത്. അയ്യപ്പനെയാണ് വേട്ടക്കൊരുമകനായി കണക്കാക്കുന്നത് എന്നൊരു ഐതീഹ്യവും നിലനില്‍ക്കുന്നുണ്ട്.
ശിവപാര്‍വ്വതിമാര്‍ കാട്ടാള വേഷം ധരിച്ച സമയത്ത് ഉണ്ടായ മകനായതിനാല്‍ വേട്ടക്കൊരുമകന്‍ വീരശൂര പരാക്രമിയും കാട്ടാളവര്‍ഗ്ഗത്തില്‍ പെട്ട സ്വഭാവരീതിയുള്ള വ്യക്തി ആയിരുന്നു. അതുകൊണ്ടു തന്നെ ദേവ ലോകത്തു നിന്നും വേട്ടയ്‌ക്കൊരുമകനെ പരമശിവന്‍ ഭൂമിയിലേയ്ക്ക് അയച്ചു. ബാലുശ്ശേരി കോട്ടയില്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ശിവഭഗവാനോട് പ്രാര്‍ത്ഥിച്ചു. തന്റെ ശക്തിയില്‍ നിന്നു തന്നെ ഉടലെടുത്ത ഒരാള്‍ അഭയം നല്‍കാനായി അവിടെ ഉണ്ടാകും എന്ന് ശിവഭഗവാന്‍ പറഞ്ഞു. അങ്ങനെയാണ് ഈ ക്ഷേത്രം ഉണ്ടായത് എന്നാണ് ഐതിഹ്യം. അതുകൂടാതെ നമസ്‌കാര പട്ടര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ നമസ്‌കരിച്ച് വേട്ടയ്‌ക്കൊരുമകനെ തങ്ങളുടെ രാജ്യത്തേക്ക് കൂട്ടിക്കൊണ്ടു വന്നു എന്നും ഒരു ഐതിഹ്യമുണ്ട്.
അതുകൊണ്ടു തന്നെ ഈ ക്ഷേത്രത്തില്‍ രണ്ടു തരത്തിലുളള പൂജാവിധികളാണ് ഉളളത്. ബ്രാഹ്മണര്‍ ചെയ്യുന്ന പൂജാവിധിയും കൂടാതെ നമസ്‌കാര പട്ടര്‍ വിഭാഗക്കാരും ഒരുപോലെ തന്നെ പൂജകള്‍ ചെയ്യുന്നു. രണ്ടു വിഭാഗത്തേയും തുല്യ തരത്തിലുളള ശാന്തിക്കാരായാണ് ദേവസ്വം അനുവദിച്ചിട്ടുളളത്. ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടുത്തെ വഴിപാടായ ചതുശതം എന്നുപറയുന്ന വഴിപാട്. നാല് കൂട്ട് ചേര്‍ന്നാണ് ഈ പ്രസാദം തയ്യാറാക്കുന്നത്. ഇത് എങ്ങനെ വേണമെന്നും ഇതിനെ അളവും ഇവിടുത്തെ പഴയ ശിലകളില്‍ എഴുതി വെച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രകൃതിയോട് ഏറെ അടുത്തു നില്‍ക്കുന്ന ക്ഷേത്രമാണ് വേട്ടക്കൊരുമകന്‍ ക്ഷേത്രം.
Comments