ന്യൂഡൽഹി: സ്ത്രീകളുടെ ശാക്തീകരണത്തിനായി 25 മില്യൺ യുഎസ് ഡോളർ ഗ്രാൻഡ് അനുവദിച്ച് ഗൂഗിൾ. സ്ത്രീകളുടെ ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകൾക്കാണ് ഗൂഗിൾ ഗ്രാൻഡ് അനുവദിച്ചിരിക്കുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഗൂഗിളിന്റെ പ്രഖ്യാപനം. സാമ്പത്തിക സമത്വവും വരുമാന സ്വാതന്ത്ര്യവും സ്ത്രീകൾക്ക് ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘടകൾക്കാണ് ഗൂഗിളിന്റെ സഹായ ഹസ്തം. ഏപ്രിൽ 9 വരെ ഗ്രാന്റിന് അപേക്ഷിക്കാം. ഇന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഒരു മില്യൺ ഡോളറിന്റെ അധിക സഹായവും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സ്ത്രീകൾക്കായി അഞ്ചു വർഷം മുൻപ് ഇന്റർനെറ്റ് സതി എന്ന പരിപാടി ഗൂഗിൾ ആരംഭിച്ചിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ഇന്റർനെറ്റ് സാക്ഷരത ഉറപ്പാക്കാൻ വേണ്ടിയാണ് ഗൂഗിൾ ഇന്റർനെറ്റ് സതി എന്ന പരിപാടി ആവിഷ്ക്കരിച്ചത്. ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ച് വിശദമായി പഠിക്കാൻ ഈ പരിപാടി സഹായകമായി. നിലവിൽ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന പത്തു പേരിൽ നാലു പേർ സ്ത്രീകളാണ്. 2015 ൽ ഇത് പത്തിൽ ഒന്നു മാത്രമായിരുന്നു. ഇന്റർനെറ്റ് സതി രാജ്യത്തെ 30 മില്യൺ സ്ത്രീകൾക്ക് പ്രയോജനപ്രദമായെന്നും ഗൂഗിൾ പറയുന്നു.
Comments